ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി പ്രധാന വേഷങ്ങളിൽ; സസ്പെൻസ് ത്രില്ലർ 'അം അഃ' പ്രദർശനത്തിനെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: പ്രഖ്യാപനമെത്തിയത് മുതൽ കൗതുകത്തോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് അം അഃ. സസ്പെൻസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മായാ ബസാർ, ജമ്നാ പ്യാരി, ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ ഒരുക്കുന്ന അം അഃ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ജനുവരി 26 ന് തീയേറ്ററുകളിൽ എത്തും.
മെയ്യഴകന്‍ എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ ഭാര്യയായെത്തിയ ദേവദര്‍ശിനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദേവദര്‍ശിനി അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. വിജയ് സേതുപതി നായകനായ ഹിറ്റ് ചിത്രം 96 ലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു.
കവി പ്രസാദ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനീഷ് ലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ബിജിത് ബാലയാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
കലാ സംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ കുമാർ എടപ്പാൾ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ ഗിരീഷ് മാരാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്, നിർമ്മാണ നിർവ്വഹണം ഗിരീഷ് അത്തോളി, പിആര്‍ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.