എന്റെ ശരീര രീതി അങ്ങനെയാണ്; ഇടയ്ക്ക് ചെറിയൊരു മാറ്റം അനുഭവപ്പെട്ടു; ഇതിനെ കുറിച്ച് വ്യക്തത വരുത്താൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്; തുറന്നുപറഞ്ഞ് ആമിർ ഖാന്റെ മകൾ
ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ ശരീരഭാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നുപറഞ്ഞു. 2020 മുതൽ അമിതഭാരം കാരണം താൻ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും, ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
"അതെ, ഞാൻ തടിയുള്ള വ്യക്തിയാണ്. 2020 മുതൽ തടിച്ചിയാണെന്നും ശാരീരികക്ഷമത ഇല്ലാത്തവളുമാണെന്ന തോന്നലുകൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്," ഇറ ഖാൻ വീഡിയോയിൽ പറയുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നും, വിഷാദരോഗത്തെക്കുറിച്ച് സംസാരിച്ച അത്ര ആത്മവിശ്വാസമോ വ്യക്തതയോ ഇപ്പോൾ ഇല്ലെങ്കിലും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് താൻ കരുതുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിലും പങ്കാളി പോപോയുമായുള്ള ബന്ധത്തിലും തന്റെ ആത്മവിശ്വാസത്തിലും ജോലിയിലുമെല്ലാം ഈ പ്രശ്നങ്ങൾ തടസ്സമായിട്ടുണ്ട്. വിഷാദം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവോ അത്രയും തീവ്രമായിത്തന്നെ ഇതും തന്നെ ബാധിക്കുന്നുവെന്നും, തന്റെ ചിന്തകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് തുറന്നു സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, ഇത് തനിക്ക് സഹായകമാകുമെന്നും മറ്റുള്ളവർക്കും ഉപകാരപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായും ഇറ വ്യക്തമാക്കി.