'കാന്താര കണ്ട് ദിവസങ്ങളോളം മകൾ ശ്വേതയുടെ ഉറക്കം നഷ്ടപ്പെട്ടു, ഋഷഭ് ഷെട്ടിയുടെ അഭിനയത്തിൽ അത്ഭുതപ്പെട്ടുപോയി, പ്രത്യേകിച്ച് അവസാന രംഗങ്ങൾ'; തുറന്ന് പറഞ്ഞ് അമിതാഭ് ബച്ചന്‍

Update: 2025-10-19 12:13 GMT

മുംബൈ: ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന ഋഷഭ് ഷെട്ടി ചിത്രം 'കാന്താര'യെക്കുറിച്ച് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. സിനിമ കണ്ടതിന് ശേഷം ദിവസങ്ങളോളം മകൾ ശ്വേതയ്ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്നും, നടൻ്റെ പ്രകടനം അവരെ വല്ലാതെ ആകർഷിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 'കോൻ ബനേഗാ ക്രോർപതി'യുടെ പുതിയ എപ്പിസോഡിലാണ് ബച്ചൻ ഇക്കാര്യം പങ്കുവെച്ചത്.

ചിത്രത്തിൻ്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി അതിഥിയായി എത്തിയ എപ്പിസോഡിൽ, താൻ ഇതുവരെ 'കാന്താര' കണ്ടിട്ടില്ലെന്നും എന്നാൽ തൻ്റെ മകൾ ശ്വേത ബച്ചൻ സിനിമ കണ്ടതിന് ശേഷം അനുഭവിച്ച അസാധാരണ അനുഭവം വിവരിക്കുകയായിരുന്നു ബച്ചൻ. 'താങ്കളുടെ സിനിമ ഇതുവരെ കാണാത്തതിന് ക്ഷമ ചോദിക്കുന്നു. നമ്മുടെ തിരക്കുകൾ താങ്കൾക്ക് അറിയാമല്ലോ. എന്നാൽ എൻ്റെ മകൾ ശ്വേത 'കാന്താര' കാണാൻ പോയിരുന്നു. സിനിമ കണ്ടതിന് ശേഷം കുറച്ച് ദിവസത്തേക്ക് അവൾക്ക് ഉറക്കം നഷ്ടപ്പെട്ടു. താങ്കളുടെ അഭിനയത്തിൽ അവൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുപോയി. പ്രത്യേകിച്ച് അവസാനത്തെ രംഗങ്ങൾ,' ഋഷഭ് ഷെട്ടിയോട് ബച്ചൻ പറഞ്ഞു.

ഇതിനോടകം നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഋഷഭ് ഷെട്ടിയും തൻ്റെ അനുഭവങ്ങൾ ബച്ചനുമായി പങ്കുവെച്ചു. 'കാന്താര' പുറത്തിറങ്ങിയതിന് ശേഷം സൂപ്പർതാരം രജനീകാന്ത് തന്നെ കാണാൻ ആവശ്യപ്പെട്ടത് ഒരു പ്രധാന അനുഭവമായി അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ, വർഷങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചന്റെ വീട് സന്ദർശിച്ച ഓർമകളും അദ്ദേഹം പങ്കുവെച്ചു. 'കോൻ ബനേഗാ ക്രോർപതി' എപ്പിസോഡിൻ്റെ അവസാനം, ഋഷഭ് ഷെട്ടി 12,50,000 രൂപ സമ്മാനത്തുകയായി നേടി.

Tags:    

Similar News