'അമ്മ കാണാതെ പഴ്സിൽ നിന്ന് 50 രൂപയെടുത്ത് പെട്രോൾ അടിച്ചിട്ടുണ്ട്'; എപ്പോഴും വീട്ടുകാരോട് കാശിനായി കൈനീട്ടാൻ പറ്റില്ലല്ലോ, വട്ടച്ചെലവിനായി ഊബര്‍ ഈറ്റ്‌സ് ഓടിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആനന്ദ് മൻമദൻ
തിരുവനന്തപുരം: സിനിമയിലെത്തുന്നതിന് മുമ്പ് വട്ടച്ചെലവിനായി ഊബർ ഈറ്റ്‌സ് ഫുഡ് ഡെലിവറിയിൽ ജോലി ചെയ്തതായി വെളിപ്പെടുത്തി മലയാള സിനിമയിൽ ശ്രദ്ദേയമായ വേഷങ്ങൾ അവതരിപ്പിച്ച യുവതാരം ആനന്ദ് മൻമദൻ. താരത്തിന്റെ ഈ തുറന്ന് പറച്ചിൽ സൈബർ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
2017-ൽ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത 'വൈ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആനന്ദ്, 'ജയ ജയ ജയഹേ' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ, സിനിമയിലെത്തുന്നതിന് മുൻപുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.
'ഒരു പ്രായം കഴിഞ്ഞാൽ വീട്ടുകാരിൽ നിന്ന് പണം ചോദിക്കുന്നത് ശരിയല്ല. 24 വയസ്സൊക്കെ കഴിഞ്ഞാൽ പെട്രോളിന് പോലും വീട്ടുകാരോട് കൈനീട്ടാൻ പ്രയാസം തോന്നി. ചിലപ്പോഴൊക്കെ അമ്മ കാണാതെ പഴ്സിൽ നിന്ന് 50 രൂപയെടുത്ത് പെട്രോൾ അടിക്കുമായിരുന്നു. പോക്കറ്റ് മണി കണ്ടെത്താനുള്ള എളുപ്പവഴിയായാണ് ഊബർ ഈറ്റ്‌സ് ഡ്രൈവറായി ജോലി ചെയ്യാൻ തീരുമാനിച്ചത്. ഇഷ്ടമുള്ള കാര്യമായതുകൊണ്ടും, വാഹനം ഓടിക്കാൻ താല്പര്യമുള്ളതുകൊണ്ടും ഈ ജോലി തിരഞ്ഞെടുത്തു. തിരുവനന്തപുരത്തെ അറിയാത്ത ഒരുപാട് വഴികൾ ഈ ജോലിയിലൂടെ പഠിക്കാനും സാധിച്ചു,' ആനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞു.