'ആ സിനിമയുടെ സമയത്ത് കിട്ടിയ ചീത്തവിളി മതി, നുണ പറയാൻ താല്പര്യമില്ല'; മാളികപ്പുറം 100 കോടി കടന്നിട്ടില്ല; മാമാങ്കം പഠിപ്പിച്ച പാഠം തുറന്നുപറഞ്ഞ് നിർമാതാവ് വേണു കുന്നപ്പിള്ളി
കൊച്ചി: 2022-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'മാളികപ്പുറം' 100 കോടി രൂപ നേടി എന്ന പ്രചാരണങ്ങൾ തള്ളി നിർമാതാവ് വേണു കുന്നപ്പിള്ളി. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന തരത്തിലുള്ള പോസ്റ്ററുകൾ അന്ന് പുറത്തുവന്നിരുന്നെങ്കിലും, യഥാർത്ഥ കളക്ഷൻ 75 കോടി രൂപയാണെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് എന്നതിനെക്കുറിച്ച് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ്സുതുറന്നു.
മുമ്പ് മമ്മൂട്ടി ചിത്രം 'മാമാങ്കം' നിർമിച്ച സമയത്തുണ്ടായ അനുഭവങ്ങളാണ് തന്നെ മാറ്റിച്ചിന്തിപ്പിച്ചതെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. അന്ന് സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട് പല കണക്കുകളും പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നു. "ആളുകൾ വന്ന് ട്രോളുകയും ചീത്ത പറയുകയും ചെയ്തു. അന്ന് ഞാനൊരു പാഠം പഠിച്ചു, ഇല്ലാത്ത കാര്യം പറയേണ്ട ആവശ്യമില്ല," അദ്ദേഹം പറഞ്ഞു.
മാളികപ്പുറം 100 കോടി നേടിയെന്ന പോസ്റ്ററുകൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. "100 കോടി എന്ന് പറയുന്നത് ഒരു നിർമാതാവിനെ സംബന്ധിച്ച് വലിയ കാര്യമല്ല. കിട്ടിയത് എത്രയാണോ അത് പറഞ്ഞാൽ മതി. സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റൊരു സിനിമയിലേക്ക് പോകുമ്പോൾ പടം 100 കോടി അടിച്ചെന്ന് അവകാശപ്പെടാൻ ഇത് സഹായിക്കുമായിരിക്കും. പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. അനാവശ്യമായി നുണ പറയാൻ എനിക്ക് താല്പര്യമില്ല," വേണു കുന്നപ്പിള്ളി വ്യക്തമാക്കി.
2022 ഡിസംബർ 30-നായിരുന്നു വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ മാളികപ്പുറം തിയറ്ററുകളിലെത്തിയത്. ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന കല്ലു എന്ന എട്ടു വയസ്സുകാരിയുടെ കഥ പറഞ്ഞ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ ബാലതാരങ്ങളായ ദേവനന്ദ, ശ്രീപഥ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈജു കുറുപ്പ്, മനോജ് കെ. ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ടി.ജി. രവി തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. ചെറിയ ബജറ്റിൽ ഒരുങ്ങി വൻ ലാഭം കൊയ്ത ചിത്രം സമീപകാല മലയാള സിനിമയിലെ വലിയ അത്ഭുതമായാണ് വിലയിരുത്തപ്പെടുന്നത്.
