സ്കൂൾ യൂണിഫോമിലെ പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചു; സ്ത്രീവിരുദ്ധതയും അശ്ലീലതയും നിറഞ്ഞ വരികൾ; റാപ്പർ ബാദ്ഷായുടെ ‘ടട്ടീരി’ യുട്യൂബ് നീക്കം ചെയ്തു; ഹരിയാന പൊലീസ് കേസെടുത്തു
ചണ്ഡീഗഢ്: റാപ്പർ ബാദ്ഷായുടെ ഏറ്റവും പുതിയ ഗാനമായ ‘ടട്ടീരി’ യുട്യൂബിൽ നിന്ന് നീക്കം ചെയ്തു. ഗാനത്തിലെ വരികളിൽ അശ്ലീലത നിറഞ്ഞതായും സ്ത്രീകളെയും സ്കൂൾ കുട്ടികളെയും മോശമായി ചിത്രീകരിച്ചതായും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ ഹരിയാന പോലീസ് ബാദ്ഷാക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരിയാനയിലെ പഞ്ച്കുള സെക്ടർ-20 സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അഭയ് ചൗധരി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അശ്ലീലത പ്രചരിപ്പിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ആദിത്യ പ്രതീക് സിംഗ് സിസോദിയ എന്ന ബാദ്ഷാക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ ഗാനരംഗങ്ങളിൽ മോശമായ രീതിയിൽ അവതരിപ്പിച്ചതാണ് പ്രധാനമായും പരാതിക്ക് കാരണമായത്. ഇത്തരം ദൃശ്യങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്ത്രീകളുടെ അന്തസ്സിന് വിരുദ്ധമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഗാനത്തിലെ ഭാഷയും ദൃശ്യങ്ങളിലെ ആംഗ്യങ്ങളും അത്യന്തം ആക്ഷേപകരമാണെന്ന് പോലീസ് വിലയിരുത്തി.
സബ് ഇൻസ്പെക്ടർ ദേശ്‌രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹരിയാനയുടെ സംസ്കാരത്തെ അപമാനിക്കുന്നതാണ് ഗാനമെന്ന് സംസ്ഥാന മന്ത്രി മഹിപാൽ ധണ്ട പ്രതികരിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുഖ്യമന്ത്രി ശക്തമായ നടപടിക്ക് ഉത്തരവിടുകയായിരുന്നു. ഗാനരംഗത്തിൽ കാണിച്ചിരിക്കുന്ന ബസ്, അത് ഏത് ഡിപ്പോയിലേതാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. ബസ് ജീവനക്കാർക്കെതിരെയും (ഡ്രൈവർ, കണ്ടക്ടർ) കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
#WATCH | Chandigarh: On FIR registered against rapper-singer Badshah over alleged objectionable lyrics in his recently released Haryanvi track 'Tateeree', Haryana Minister Mahipal Dhanda says, "This kind of singing, which is degrading Haryana's culture, is not appropriate. As… pic.twitter.com/OWhOFe4d8g
— ANI (@ANI) March 6, 2026
2026 മാർച്ച് 1-നാണ് ബാദ്ഷായും സിമ്രാൻ ജഗ്ലാനും ചേർന്ന് പാടിയ ഈ ഹരിയാൻവി ഹിപ്-ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. ബാദ്ഷാ തന്നെ വരികളെഴുതിയ ഗാനം മഹി സന്ധുവും ജോബൻ സന്ധുവും ചേർന്നാണ് സംവിധാനം ചെയ്തത്. ബാദ്ഷായുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാദങ്ങളിൽ പെടുകയായിരുന്നു. യുവാക്കളെയും കുട്ടികളെയും തെറ്റായ രീതിയിൽ സ്വാധീനിക്കുന്ന ഉള്ളടക്കങ്ങൾക്കെതിരെ വരുംദിവസങ്ങളിലും കർശന നിലപാട് തുടരാനാണ് പോലീസിന്റെയും സർക്കാരിന്റെയും തീരുമാനം.
