'പൾസർ സുനി എന്റെ ഡ്രൈവറായിരുന്നു'; അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്; സ്വഭാവം ശരിയല്ലെന്ന് തോന്നിയപ്പോൾ പിരിച്ചുവിട്ടു; വെളിപ്പെടുത്തലുമായി നടി ആൻമരിയ
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടി ആൻമരിയ. സ്വഭാവദൂഷ്യം കാരണം അന്ന് സുനിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും ആൻമരിയ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു. ഏജൻസി വഴിയെത്തിയ സുനിയെ അന്ന് 'സുനി' എന്ന പേരിൽ മാത്രമാണ് തനിക്ക് പരിചയമെന്നും ആൻമരിയ വ്യക്തമാക്കി.
ദിവസങ്ങൾ മാത്രമാണ് സുനി തങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തതെന്നും, അയാളുടെ സ്വഭാവം ശരിയല്ലെന്ന് തോന്നിയതിനാലാണ് ദേഷ്യത്തോടെ പിരിച്ചുവിട്ടതെന്നും അവർ വിശദീകരിച്ചു. "അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്," ആൻമരിയ ഓർത്തെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവം വാർത്തകളിൽ നിറഞ്ഞപ്പോൾ ടിവിയിൽ പൾസർ സുനിയെ കണ്ടപ്പോഴാണ് ഇയാൾ തന്റെ മുൻ ഡ്രൈവറായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും, കാര്യങ്ങൾ അറിഞ്ഞപ്പോൾ തനിക്ക് ശരിക്കും ഭയം തോന്നിയെന്നും ആൻമരിയ കൂട്ടിച്ചേർത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചത്. കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞുവെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.