'വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്'; പക്ഷെ ഇത് പറയാതെ വയ്യ; വാക്കുകൾ വളച്ചൊടിച്ച് പ്രചരിച്ചു; ഇത് മാധ്യമപ്രവർത്തനമല്ലെന്നും അനശ്വര രാജൻ
കൊച്ചി: 'വിത്ത് ലവ്' എന്ന തമിഴ് ചിത്രത്തിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലെ തൻ്റെ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി അനശ്വര രാജൻ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. "സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ തെറ്റായ ഈ പ്രചാരണം കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല," അനശ്വര കുറിച്ചു.
ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖത്തിൽ വളരെ ലഘുവായി താൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്ത്, ഗുരുതര സ്വഭാവമുള്ള പ്രസ്താവനയായി അവതരിപ്പിച്ചത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇത് മാധ്യമപ്രവർത്തനമല്ലെന്നും അവർ ആരോപിച്ചു.
"വാർത്തയിൽ എൻ്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുകയാണ്. ഇത് കേവലം ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് എന്നെ വിഷമിപ്പിച്ചു," അനശ്വര കൂട്ടിച്ചേർത്തു. 'ചിത്രത്തിൻ്റെ സെറ്റിൽ മറ്റുള്ളവരുമായി വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു' എന്ന തരത്തിലുള്ള ഒരു വാർത്താകാർഡിൻ്റെ ചിത്രം പങ്കുവെച്ചായിരുന്നു നടിയുടെ പ്രതികരണം.
നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'വിത്ത് ലവ്' ഒരു റൊമാൻ്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രം ചർച്ച ചെയ്യുന്നത്. തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്താണ് ഈ ചിത്രത്തിലെ നായകൻ. ഫെബ്രുവരി ആറിന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.