'സൂപ്പർഹീറോ ചിത്രമായ 'ശക്തിമാന്' വേണ്ടി നഷ്ടമാക്കിയത് രണ്ട് വർഷങ്ങൾ'; ബോളിവുഡിൽ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നതെന്ന് ബേസിൽ ചോദിച്ചതായും അനുരാഗ് കശ്യപ്
കൊച്ചി: ബോളിവുഡിൽ 'ശക്തിമാൻ' എന്ന സൂപ്പർഹീറോ ചിത്രത്തിനുവേണ്ടി ബേസിൽ ജോസഫ് തന്റെ രണ്ട് വർഷങ്ങൾ നഷ്ടപ്പെടുത്തിയതായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കശ്യപ് ഇക്കാര്യം വ്യക്തമാക്കിയത്. 'മിന്നൽ മുരളി', 'പൊന്മാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ സാധാരണക്കാരുടെ സൂപ്പർഹീറോയായും മറ്റ് പല വേഷങ്ങളിലും തിളങ്ങിയ ബേസിലിൻ്റെ അഭിനയ മികവിനെ അനുരാഗ് കശ്യപ് പ്രശംസിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാൻ ബേസിലിന് എങ്ങനെ കഴിയുന്നുവെന്ന് താൻ ചോദിച്ചെന്നും, അതിനുള്ള മറുപടിയായിട്ടാണ് താരം 'ശക്തിമാൻ' ചിത്രത്തിനുവേണ്ടി മാറ്റിവെച്ച രണ്ട് വർഷങ്ങൾ നഷ്ടപ്പെട്ടതായി പറഞ്ഞതെന്നും കശ്യപ് പറയുന്നു. ബോളിവുഡിൽ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നതെന്നും ബേസിൽ തന്നോട് ചോദിച്ചതായും കശ്യപ് കൂട്ടിച്ചേർത്തു. രൺവീർ സിങ്ങിനെ നായകനാക്കി സോണി പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'ശക്തിമാൻ' ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇന്ത്യയിലെ ആദ്യ സൂപ്പർഹീറോകളിൽ ഒരാളായ ശക്തിമാനെ സിനിമയായി അവതരിപ്പിക്കാൻ ബേസിൽ ജോസഫ് ഒരുങ്ങുന്നു എന്നും, രൺവീർ സിംഗിനെ നായകനാക്കി ബേസിൽ ചിത്രം സംവിധാനം ചെയ്യുന്നു എന്നുമായിരുന്നു റിപ്പോർട്ടുകൾ. രൺവീർ സിംഗ് ബേസിൽ ജോസഫിന്റെ ചില ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കമന്റുകൾ ചെയ്തതോടെ ഈ റിപ്പോർട്ടുകൾക്ക് കൂടുതൽ ബലം ലഭിച്ചു. എന്നാൽ, ഈ പ്രോജക്റ്റുകൾ പിന്നീട് മുന്നോട്ട് പോയില്ല.