''എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല;വിഷാദവുമായി പോരാടുകയായിരുന്നു; ജീവിതത്തിലെ മോശം സമയത്ത് വന്ന ടൊവിനോ ചിത്രം; വീണ്ടും സ്‌ക്രീനിനെ അഭിമുഖീകരിക്കാന്‍ തയ്യാറാണോ എന്ന് ഇപ്പോഴും അറിയില്ല'; കുറിപ്പുമായി അര്‍ച്ചന കവി
'അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി...' ഈ വരികള്‍ കേട്ടാല്‍ മനസിലേക്ക് ആദ്യം വരുന്ന മുഖം, ഗാന രംഗത്തില്‍ അഭിനയിച്ച അര്‍ച്ചന കവിയുടേതാണ്. 'നീലത്താമര' എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഒറ്റ ഗാനത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അര്‍ച്ചന കവി. ലാല്‍ ജോസിന്റെ ചിത്രത്തിലൂടെ തന്നെ നിരവധി പ്രശംസകളും അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. പിന്നീട് ഉര്‍വശിയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'മമ്മി ആന്റ് മി' എന്ന ചിത്രത്തിലെ അഭിനയവും ഏറെ പ്രശംസകള്‍ നേടിയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് സിനിമയില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞില്ല. അര്‍ഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. അത് അര്‍ച്ചനയുടെ കരിയറില്‍ വലിയ തിരിച്ചടിയായി.
സിനിമയിലെത്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അര്‍ച്ചനയുടെ പുതിയ സിനിമയും റിലീസിന് ഒരുങ്ങുന്നത്. ഇതിനിടെ ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് അര്‍ച്ചന കവി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ വിഷാദരോഗാവസ്ഥയെക്കുറിച്ചടക്കം സംസാരിക്കുന്നത്.
വ്യക്തജീവിതത്തില്‍ വളരെ മോശം അവസ്ഥയിലൂടെ താന്‍ കടന്നു പോകുമ്പോഴാണ് ഐഡന്റിറ്റി എന്ന സിനിമ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നാണ് അര്‍ച്ചന പറയുന്നത്. തുടര്‍ന്ന് തന്റെ ജീവിതത്തില്‍ വലിയ മാറ്റത്തിന് കാരണമായി കൂടെ നിന്ന സംവിധാകന്‍ അഖില്‍ പോളിനെക്കുറിച്ചും കുറിപ്പില്‍ താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്റെ മുഖം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടിട്ട് പത്ത് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നിലാണ് ഐഡന്റിറ്റി വരുന്നത്. എനിക്കതോട് നീതിപുലര്‍ത്താന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്റെ മരുന്നുകള്‍ ക്രമരഹിതമായിരുന്നു. ഞാന്‍ വിഷാദത്തിന്റെ എപ്പിസോഡുകളുമായി പോരാടുകയായിരുന്നു. അപ്പോഴാണ് അഖില്‍ പോള്‍ ഒരു സംവിധായകനായി കടന്നു വരുന്നതും പിന്നീട് സുഹൃത്താകുന്നതും. അദ്ദേഹം എനിക്കൊപ്പം നിന്നു. ഞാന്‍ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ പ്രയാസകരമായ നാളുകളില്‍ എനിക്കൊപ്പം പ്രാര്‍ത്ഥിക്കുക വരെ ചെയ്തു. ഡോകടര്‍മാരെ മാറ്റി. ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്കും എനിക്ക് ഒരു എപ്പിസോഡ് പോലുമുണ്ടായില്ല'' അര്‍ച്ചന പറയുന്നു.
''ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടൊരു അവസ്ഥയിലാണ് ഞാന്‍. പക്ഷെ ഇപ്പോഴും സ്‌ക്രീനിനെ ഫേസ് ചെയ്യാന്‍ സാധിക്കുമോ എന്നെനിക്ക് അറിയില്ല. ഡെലിവറി റൂമിന് ഭര്‍ത്താവ് നില്‍ക്കുന്നതു പോലെ ആശങ്കയോടെ ഞാന്‍ പുറത്ത് നിന്നേക്കാം. ആളുകള്‍ എന്നേയും എന്റെ സിനിമയേയും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ. നീലത്താമരയ്ക്ക് ശേഷം എന്റെയൊരു സിനിമ കാണാനായി അച്ഛനും അമ്മയും കേരളത്തിലേക്ക് വരിയാണ്. പുനര്‍ജന്മം പോലെയാണ് തോന്നുന്നത്. പ്രാര്‍ത്ഥനയോടെ.'' എന്നു പറഞ്ഞാണ് അര്‍ച്ചന കവി കുറിപ്പ് അവസാനിപ്പിക്കുന്നത്.
സോള്‍ട്ട് ആന്റ് പെപ്പര്‍, ഹണി ബീ, മമ്മി ആന്റ് മീ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. പിന്നീടാണ് ഇടവേളയെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന. താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അര്‍ച്ചനയുടെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ സംവിധാനും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. തൃഷ, വിനയ് റായ്, അജു വര്‍ഗീസ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജനുവരിയിലാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.