ഞാന്‍ ആദ്യമായിട്ടാ സാറിനെ കാണുന്നേ; എന്നിട്ട് എങ്ങനെയുണ്ട്? കൊള്ളാവോ?''; മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് അരുണ്‍ കുര്യന്‍
മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ ജന്മദിനം ഞായറാഴ്ച വലിയ ആവേശത്തിലാണ് ആഘോഷിച്ചത്. സിനിമാലോകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് സോഷ്യല്‍ മീഡിയ വഴി ആശംസകള്‍ അറിയിച്ചത്. യുവതാരമായ അരുണ്‍ കുര്യന്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്.
മമ്മൂട്ടിയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ചാണ് അരുണ്‍ ഓര്‍മ്മിച്ചത്. ''ഞാന്‍: ഞാന്‍ ആദ്യമായിട്ടാ സാറിനെ കാണുന്നേ. സാര്‍: (കര്‍ക്കശമായ സ്വരത്തില്‍) എന്നിട്ട് എങ്ങനെയുണ്ട്? കൊള്ളാവോ?'' എന്നായിരുന്നു അരുണിന്റെ കുറിപ്പ്. ''ഞങ്ങളുടെ സുപ്രീം പവറിന്, മൂത്തോന് പിറന്നാളാശംസകള്‍. ലോകയെ അനുഗ്രഹിച്ചതിന് നന്ദി,'' എന്നും താരം കുറിച്ചു. മമ്മൂട്ടിയോടൊപ്പം ചന്ദു സലിംകുമാറുമുള്ള ഒരു ചിത്രവും അരുണ്‍ പോസ്റ്റ് ചെയ്തു. ഇരുവരും ലോക എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
അതേസമയം, ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയം തുടരുകയാണ്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ ചിത്രമാണ് ലോക. 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന 12-ാമത്തെ മലയാള സിനിമയും കൂടിയാണ് ഇത്. നായികാപ്രാധാന്യമുള്ള ചിത്രങ്ങളില്‍ തെന്നിന്ത്യയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ നേട്ടവും ചിത്രത്തിനുണ്ട്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യചിത്രമായാണ് കണക്കാക്കപ്പെടുന്നത്.