'വായ മൂടിക്കെട്ടാനാവില്ല, വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്നവർക്ക് ചരിത്രത്തിൽ മാപ്പില്ല'; കല രാഷ്ട്രീയത്തിന് അതീതമാണെന്ന് ജൂറി; ബെർലിൻ ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി അരുന്ധതി റോയ്

Update: 2026-02-14 08:08 GMT

ഡൽഹി: 2026-ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ബെർലിനാലെ) നിന്ന് പിന്മാറി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ്. ഗസ്സയിലെ വംശഹത്യയെക്കുറിച്ചുള്ള മേളയിലെ ജൂറി അംഗങ്ങളുടെ വിവാദ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് ഈ തീരുമാനം. അരുന്ധതി റോയ് തിരക്കഥയെഴുതിയ 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' എന്ന ചിത്രം മേളയുടെ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയം പറയേണ്ടതില്ലെന്നും കല രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നുമുള്ള ജൂറി അംഗങ്ങളുടെ നിലപാടിനോടുള്ള വിയോജിപ്പ് അരുന്ധതി റോയ് തന്റെ കുറിപ്പിൽ തുറന്നടിച്ചു. കല രാഷ്ട്രീയമാകരുത് എന്ന് പറയുന്നത് വായ മൂടിക്കെട്ടുന്നതിന് തുല്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്നും ഇതിന് അമേരിക്കയും ജർമ്മനിയും കൂട്ടുനിൽക്കുകയാണെന്നും അവർ ആരോപിച്ചു.

ഇത്തരം സാഹചര്യത്തിൽ പ്രതികരിക്കാൻ കഴിയാത്ത കലാകാരന്മാരെ ചരിത്രം വിചാരണ ചെയ്യുമെന്നും, ഈ നിലപാടുകൾ വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്നതിന് തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു. നിഷ്പക്ഷത പാലിക്കുന്നു എന്ന് പറയുന്നവർ യഥാർഥത്തിൽ അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്നും അരുന്ധതി റോയ് വ്യക്തമാക്കി. മേളയുടെ ജൂറി അധ്യക്ഷനും പ്രശസ്ത ജർമ്മൻ സംവിധായകനുമായ വിം വെൻഡേഴ്സ്, സിനിമകൾ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന് വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

സിനിമകൾക്ക് ആളുകളുടെ ചിന്താഗതി മാറ്റാൻ കഴിയുമെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും, ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗസ്സയെക്കുറിച്ചുള്ള ചോദ്യങ്ങൾ അനാവശ്യമാണെന്നായിരുന്നു മറ്റൊരു ജൂറി അംഗമായ ഇവാ പുസ്സിൻസ്കയുടെ നിലപാട്.

Tags:    

Similar News