91ാം വയസിലും ആവേശത്തോടെ ഗായിക ആശാ ഭോസ്‌ലെ; ഹിറ്റ് സോങ്ങായി തോബ തോബ പാടി; ഒപ്പം ട്രെന്‍ഡിങ്ങായ ഹുക്ക് സ്റ്റെപ്പും: അമ്പരന്ന് ആരാധകര്‍

Update: 2024-12-30 10:26 GMT

ഈ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു വിക്കി കൗശലിന്റെ തോബ തോബ. പാട്ടിലെ ഹുക്ക് സ്റ്റെപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് തോബ തോബ പാടി ഡാന്‍സ് ചെയ്യുന്ന ആശ ഭോസ്‌ലെയുടെ വിഡിയോ ആണ്. 91ാം വയസിലും ആവേശത്തോടെ ഗാനത്തിന് ചുവടുവെക്കുന്ന ആശ ഭോസ്‌ലെയുടെ വിഡിയോ ആരാധകരെ അമ്പരപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സംഗീതപരിപാടിയിലാണ് ഈ വര്‍ഷത്തെ ഹിറ്റ് ഗാനം ആശ ഭോസ്‌ലെ പാടിയത്. പാട്ടു പാടുന്നതിനിടയിലും കൈകൊണ്ട് ചെറിയ ഡാന്‍സ് മൂവൊക്കെ നടത്തി. അതിനിടെയാണ് കാണികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മൈക്ക് മാറ്റിവെച്ച് തോബാ തോബയുടെ ഹുക്ക് സ്റ്റെപ്പിട്ടത്.

തോബ തോബ ഗാനത്തിന്റെ രചയിതാവും സംഗീത സംവിധായകനും ഗായകനുമായ കരണ്‍ ഓജ്ല പ്രതികരണവുമായി രംഗത്തെത്തി. 27 വയസിലാണ് താന്‍ ഈ ഗാനം എഴുതിയത്. 91 വയസില്‍ എന്നേക്കാള്‍ മനോഹരമായി ആശ ഭോസ്ലെ ആ ഗാനം ആലപിച്ചു എന്നാണ് കരണ്‍ കുറിച്ചത്.

'ആശ ഭോസ്ലെ ജി, ജീവിച്ചിരിക്കുന്ന സംഗീതദേവത, തോബ തോബ ആലപിച്ചിരിക്കുന്നു. ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന, സംഗീതത്തിന്റെ ഒരു ജീവിതപശ്ചാത്തലവുമില്ലാത്ത, സംഗീതോപകരണങ്ങളെ കുറിച്ച് ഒരറിവുമില്ലാത്ത ഒരു എളിയ കുട്ടിയാണ് ആ ഗാനം രചിച്ചത്. ആ ഗാനത്തിന് ആരാധകരില്‍നിന്നുമാത്രമല്ല സംഗീതജ്ഞരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ഈ നിമിഷം തികച്ചും അവസ്മരണീയമാണ്. ഈ അനുഗ്രഹത്തിന് ഞാനെന്നും കടപ്പെട്ടിരിക്കും. നിങ്ങള്‍ക്കായി കൂടുതല്‍ ഗാനങ്ങള്‍ ചെയ്യാന്‍ എനിക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്, കരണ്‍ കുറിച്ചു.

Tags:    

Similar News