'ഉയരമുള്ള തെങ്ങ്, നാളുകളായി ആരും അതിൽ കയറിയിട്ടില്ല'; നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ ആ സീന്‍ ചെയ്തു; മുറിവുകളുമായാണ് റീമ താഴെയിറങ്ങത്; ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ച് അഷറഫ് ഗുരുക്കൾ

Update: 2025-10-24 11:28 GMT

കൊച്ചി: സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സമൂഹത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം, വിശ്വാസങ്ങളുടെ ലോകത്തിൽ അകപ്പെട്ട മനുഷ്യരുടെ സങ്കീർണ്ണമായ ജീവിതത്തെയാണ് തുറന്നുകാട്ടുന്നത്. ചിത്രത്തിലെ റിമ കല്ലിങ്കലിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ചിത്രത്തിൻ്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ അഷറഫ് ഗുരുക്കൾ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റിമ കല്ലിങ്കൽ വളരെ ഗംഭീരമായാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെന്നും, അത് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ റിമ ഒരു തെങ്ങിൽ കയറുന്ന രംഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

'അത്രയധികം ഉയരമുള്ള, വളഞ്ഞ ഒരു തെങ്ങായിരുന്നു അത്. നാളുകളായി ആരും കയറാത്ത തെങ്ങായിരുന്നു അത്. റിമയോട് ഞാൻ ചോദിച്ചു, 'എങ്ങനെ ചെയ്യാൻ പറ്റും?' അപ്പോൾ റിമ പറഞ്ഞത്, 'മാഷ് ഓക്കേ പറഞ്ഞാൽ ഞാൻ ശ്രമിക്കാം' എന്നാണ്. തെങ്ങിൽ കയറുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ അവളോട് വിശദീകരിച്ചു. മുകളിൽ എത്തുമ്പോൾ തെങ്ങ് ആടുന്നത് കാരണം ഓക്കാനം വരാൻ സാധ്യതയുണ്ടെന്നും, താഴേക്ക് നോക്കുമ്പോൾ തലകറങ്ങുമെന്നും ഞാൻ ഓർമ്മിപ്പിച്ചു. എന്നാൽ റിമയെ ഒരു കാരണവശാലും താഴെ വീഴാൻ ഞാൻ സമ്മതിക്കില്ലെന്ന് ഞാൻ ഉറപ്പുനൽകി,' അഷറഫ് ഗുരുക്കൾ പറഞ്ഞു.

തുടർന്ന്, തൻ്റെ ഒരു ഫൈറ്റർ ആദ്യം തെങ്ങിൽ കയറി ആ രംഗം കാണിച്ചു കൊടുത്തുവെന്നും, അപ്പോഴും റിമയുടെ മുഖത്ത് ഭയം പ്രകടമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറില്‍ അധികം ആ തെങ്ങില്‍ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെയാണ് ആ സീന്‍ ചെയ്തു തീര്‍ത്തത്. താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരുന്നുവെന്നും അഷറഫ് ഗുരുക്കൾ പറഞ്ഞു.

Tags:    

Similar News