'നിർമാതാവ് പണം ഇറക്കുന്നത് പ്രേഷകർക്ക് ആസ്വദിക്കാൻ, കല്യാണി കഷ്ടപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്'; 'ലോക'യെ വിമർശിച്ച ഡോ.ബി.ഇക്ബാലിന് മറുപടിയുമായി അഷ്റഫ് ഗുരുക്കൾ

Update: 2025-09-18 11:05 GMT

കൊച്ചി: 'ലോക' സിനിമയെ അരോചകവും വിരസവുമാണെന്ന് വിമർശിച്ച ഡോ.ബി.ഇക്ബാലിന് മറുപടിയുമായി ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫർ അഷ്റഫ് ഗുരുക്കൾ രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ലോകയിലെ കല്യാണി പ്രിയദർശന്റെ പ്രകടനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

നിർമ്മാതാക്കൾ പ്രേക്ഷകർക്ക് വിനോദം നൽകാനാണ് പണം മുടക്കുന്നതെന്നും, ആ ലക്ഷ്യത്തിൽ 'ലോക' നൂറുശതമാനം വിജയം കണ്ടെന്നും അഷ്റഫ് ഗുരുക്കൾ വ്യക്തമാക്കി. "കുറ്റം പറയാൻ എളുപ്പമാണ്, വിജയിപ്പിച്ചെടുക്കുക അസാധ്യമാണ്," അദ്ദേഹം കുറിച്ചു. സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ കല്യാണി പ്രിയദർശൻ നടത്തിയ കഠിനാധ്വാനത്തെ എടുത്തുപറഞ്ഞ അഷ്റഫ്, ലോകത്തിലെ ഏറ്റവും ചെറിയ ഫൈറ്റ് കോറിയോഗ്രാഫി ചെയ്തയാൾ എന്ന നിലയിൽ അവരുടെ പ്രയത്നം നേരിട്ടുകണ്ടതായി പറഞ്ഞു.

ഒരു സംവിധായകന്റെ സ്വപ്നവും ഒരുപാട് പേരുടെ ജീവിതമാർഗവുമാണ് സിനിമയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചിത്രത്തിലെ അഭിനേതാക്കളുടെ എണ്ണം കുറവാണെങ്കിലും, കല്യാണി ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയ്ക്ക് ദൃഷ്ടി ദോഷം സംഭവിക്കാതിരിക്കാൻ ഇത്തരം വിരസമായ പോസ്റ്ററുകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിരീക്ഷിച്ചു.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...

ബി ഇക്ബാൽ സാറിന്റെ #ലോക.... #അരോചകം എന്ന കുറിപ്പിനൊരു മറുപടിയാണ്!

ഒരു നിർമാതാവ് പണം ഇറക്കുന്നത് അദേഹത്തിന്റെ വീട്ടുകാരോടുള്ള വെല്ലുവിളി അല്ല....

ഉദാഹരണം.....

( ദേ ഞാൻ സിനിമപിടിച്ച് കുത്തു പാളയെടുക്കാൻ പോകുന്നു ഈ നമ്മുടെ തറവാട് ഞാൻ തരിപ്പണം ആക്കും എന്നൊന്നും അല്ല)

മറിച്ച് പ്രേഷകർക്കു രണ്ടു മണികൂറുകളോളം ആസ്വദിക്കാൻ ആണ്.

ആ തീരുമാനത്തിൽ തൊണ്ണൂറ്റി ഒൻപതല്ല നൂറു ശതമാനം വിജയമാണ് #ലോക എന്ന ചിത്രം..

അന്യഭാഷക്കാർ വരെ ഈ സിനിമയെ കുറിച്ച് അങ്ങനെ തന്നെയാണ് പറഞ്ഞതും എഴുതിയതും.

ഒരു സംവിധായകന്റെ സ്വപ്നമാണ് സാർ ഒരു സിനിമ.....

ഒരുപാട് പേരുടെ ജീവിതമാർഗവും.

അതിൽ ആദ്യമായി ദുൽഖർ കമ്പനിയോട് നന്ദി പറയുന്നു.

ഈ സിനിമയിൽ ആർട്ടിസ്റ്റുകൾ കുറവാണ്.

പക്ഷെ കല്യാണി എന്ന ആർടിസ്റ്റ് ആക്ഷൻ രംഗങ്ങളിൽ എടുത്ത ഒരു എഫർട്ട് ഉണ്ട്.

അത് ഞാൻ എടുത്തു പറയാൻ കാരണം

ലോകയിലെ ഏറ്റവും ചെറിയ ഒരു ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്ത ആൾ എന്നനിലയിൽ ആ കുട്ടി അന്ന് കഷ്ട്ടപെടുന്നത് കൂടി കണ്ടവനാണ് ഞാൻ.

ശേഷം എത്രയോ ടാസ്ക് എടുത്ത് ചെയ്ത ഫൈറ്റുകൾ ഉണ്ട് അതിന്റയൊക്കെ അംഗീകാരം ആണ് ആ സിനിമ ഇന്നും തിയേറ്റർ നടക്കുന്നതും നിർമാതവ് ലാഭം എടുക്കുന്നതും.

കുറ്റം പറയാൻ എളുപ്പം ആണ്!!!!!!

വിജയിപ്പിച്ചെടുക്കുക അസാധ്യവും...

അവിടെ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാൻ നല്ലൊരു ആസ്വാദന സിനിമ.

സിനിമയിലെ ഓരോ ഫ്രെയിമും,

അതിന്റ ബിജിഎം തുടങ്ങി എല്ലാം എല്ലാം!!!

ഇനിയും ഇതുപോലെ സിനിമകൾ ഇറങ്ങട്ടെ വൻ ഹിറ്റാവട്ടെ.

സിനിമക്ക് കണ്ണേർ തട്ടാതിരിക്കാൻ ആണെങ്കിൽപോലും ഇത്തരം അരോചക പോസ്റ്ററുകൾ വരാതിരിക്കട്ടെ...

Tags:    

Similar News