'പ്രത്യയശാസ്ത്രം അവസരത്തിനൊത്ത് എടുത്തണിയാനുള്ളതോ, മറ്റുള്ളവർക്കുനേരെ പിടിക്കാനുള്ള പരിചയോ അല്ല'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി അതുല്യ ചന്ദ്ര
കൊച്ചി: ഗീതു മോഹൻദാസിന്റെ പുതിയ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' ടീസറിനെതിരായി വലിയ വിമർശനങ്ങളാണ് ഉയർന്നത്. 'ടോക്‌സിക്' ടീസറിൽ സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്നു, കച്ചവടച്ചരക്കാക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് പ്രധാനമായും ഉയർന്നിരുന്നത്. മുൻപ് മമ്മൂട്ടി ചിത്രം 'കസബ'ക്കെതിരായ പാർവതി തിരുവോത്തിന്റെ നിലപാടിനെ പിന്തുണച്ച ഗീതു മോഹൻദാസിന് ഇപ്പോൾ ഇരട്ടത്താപ്പാണെന്നും വിമർശകർ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ വിവാദങ്ങളിൽ പരോക്ഷ പ്രതികരണവുമായി നടി അതുല്യ ചന്ദ്ര രംഗത്തെത്തിയിരിക്കുകയാണ്. "പ്രത്യയശാസ്ത്രം അവസരത്തിനൊത്ത് എടുത്തണിയാനുള്ളതോ സ്വന്തം വൈരുദ്ധ്യങ്ങൾ മറച്ചുവെച്ച് മറ്റുള്ളവർക്കുനേരെ പിടിക്കാനുള്ള പരിചയോ അല്ല," എന്ന് നടി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിൽ കുറിച്ചു. "താൻ പ്രസംഗിക്കുന്ന മൂല്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു സംഭവം പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിൽ അവതരിപ്പിച്ച് മറ്റൊരാളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. സെലക്ടീവായ ധൈര്യപ്രകടനത്തിൽ റാഡിക്കലായി ഒന്നുമില്ല," അതുല്യയുടെ കുറിപ്പിൽ പറയുന്നു.
അതേസമയം, നടി റിമ കല്ലിങ്കൽ ഗീതു മോഹൻദാസിന് പിന്തുണയുമായി സാമൂഹികമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...' എന്ന തലക്കെട്ടോടെ റിമ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ അതുല്യ ചന്ദ്രയെക്കുറിച്ചും പരാമർശമുണ്ടായിരുന്നു.
റിമയുടെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു: "'ഡീയസ് ഈറേ' എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധിപേരാണ് നായികയായ അതുല്യ ചന്ദ്രയെ വെറുമൊരു 'സെഡക്റ്റീവ് ഒബ്ജക്റ്റ്' ആയി തരംതാഴ്ത്തിയത്. അത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ ചിന്താഗതികളെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്."