'എന്തെ വരാത്തെയെന്ന് വിചാരിച്ചേ ഉള്ളൂ'; ഹാപ്പി ബർത്തേ ഡേ ബഡി; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ ജോസഫ്; ഇങ്ങനെ ഒരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേയെന്ന് ആരാധകർ
കൊച്ചി: നടൻ ടൊവിനോ തോമസ് ഇന്ന് തൻ്റെ 37-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തുന്നത്. ഇതിനിടെ, നടനും സംവിധായകനുമായ ബേസിൽ ജോസഫ് ടൊവിനോയ്ക്ക് നേർന്ന പിറന്നാൾ ആശംസ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
തൻ്റെ ഉറ്റ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്, ടൊവിനോയ്ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. "ഹാപ്പി ബർത്തേ ഡേ ബഡി" എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. 'മരണമാസ്' എന്ന ചിത്രത്തിൽ ശവപ്പെട്ടിയിൽ കിടക്കുന്ന ടൊവിനോയുടെ ഒരു ചിത്രമാണ് ബേസിൽ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിനുപുറമെ, ഇരുവരുടെയും സൗഹൃദ നിമിഷങ്ങൾ പകർത്തുന്ന നിരവധി ചിത്രങ്ങളും ആശംസ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ബേസിലിന്റെ ഈ അസാധാരണവും നർമ്മം നിറഞ്ഞതുമായ ആശംസയ്ക്ക് താഴെ നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയത്. "കടുത്ത ചങ്ങാതി ആയിപ്പോയില്ലേ ഇതിലും വലിയ ബർത്ഡേ ട്രീറ്റ് കിട്ടാനില്ല", "ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം", "അപ്പൊ തിരിച്ചു വലിയ പണി മേടിക്കാൻ ഒരുങ്ങിക്കോ", "ഇങ്ങനെ ഒരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേ" എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ അവരുടെ സൗഹൃദത്തിൻ്റെ ആഴം വെളിവാക്കുന്നതായിരുന്നു.
അതേസമയം, ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന 'അതിരടി' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടു ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്ററിൽ, ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് താരം എത്തുന്നത്.
