ശ്വേത മേനോനെതിരായ പരാതി ക്വട്ടേഷന്‍; പിന്നില്‍ ആരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം; ഒരു മണിക്കൂറിനകത്ത് എഫ്‌ഐആര്‍ ഇടുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണെന്ന് ഭാഗ്യലക്ഷ്മി

ശ്വേത മേനോനെതിരായ പരാതി ക്വട്ടേഷന്‍;

Update: 2025-08-07 08:34 GMT

കൊച്ചി: നടി ശ്വേത മേനോനെതിരെയുള്ള പൊലീസ് പരാതിയില്‍ ദുരൂഹതയുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഇതൊരു ക്വട്ടേഷനാണെന്ന് എല്ലാവര്‍ക്കും തുടക്കം മുതല്‍ അറിയാമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. പല രീതിയില്‍ ഈ രണ്ട് സ്ത്രീകളെ ഇവര്‍ അപമാനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഏറ്റവും അവസാനമായിട്ട് സമൂഹത്തിന് മുന്‍പില്‍ എങ്ങനെയൊക്കെ ഒരു സ്ത്രീയെ അവഹേളിക്കാന്‍ സാധിക്കുമോ അതിന്റെ പരിധി വിട്ടാണ് ഇവര്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഇതിങ്ങനെ പോകാന്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. അതായത് നേതൃസ്ഥാനത്ത് സ്ത്രീ വരണ്ട, ഞങ്ങള്‍ മുകളിലിരിക്കും, നിങ്ങള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ റാന്‍ മൂളിക്കൊണ്ടിരിക്കേണ്ടവരാണ് എന്നവര്‍ പറയുകയും അതിന് റാന്‍ മൂളുന്ന കുറച്ചു സ്ത്രീകളെയും നമ്മള്‍ രണ്ടുമൂന്നു ദിവസമായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വില്ലന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളെയാണ് നമ്മള്‍ ഇവിടെ കണ്ടുകൊണ്ടിരുന്നത്. ആരുടെ ക്വട്ടേഷനാണെന്ന് ഞാനാ സംഘടനയില്‍ അംഗമല്ലാത്തതുകൊണ്ട് തന്നെ പേരെടുത്ത് പറയുന്നില്ല. പക്ഷെ ഇതാരാണെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം.

എന്റെ കയ്യില്‍ വ്യക്തമായ തെളിവില്ലാതെ പേര് പറയാന്‍ പറ്റില്ല. ഇതിന് പിന്നിലുള്ളവരാരും പുറത്തേക്ക് വന്നിട്ടില്ല. സ്ത്രീകള്‍ തമ്മില്‍തല്ലട്ടെ എന്ന് പറഞ്ഞ് കണ്ട് ആസ്വദിക്കുകയാണ്. അത് ഏല്‍ക്കുന്നില്ല, ഈ രണ്ട് സ്ത്രീകള്‍ തളരുന്നില്ലെന്ന് മനസിലായതോടു കൂടി എവിടെ നിന്നോ ഒരാളെ കെട്ടിയിറക്കി ഈ മഞ്ഞ വീഡിയോ മാത്രം കാണുന്ന ഒരാളെ കെട്ടിയിറക്കിയിരിക്കുകയാണ്. അയാളിത് കണ്ടുവെന്ന് പറയുന്നു. ആര്‍ക്കും ഓപ്പണ്‍ ചെയ്യാന്‍ പറ്റാത്ത സൈറ്റ് ഇയാളെങ്ങനെ ഓപ്പണ്‍ ചെയ്തു, ഇയാളെങ്ങനെ കണ്ടു. ഈ മഞ്ഞ വീഡിയോ മുഴുവനും കോടതി ഇരുന്ന് കാണണമെന്നാണോ? അതും കോടതി കാണും എന്നാണോ? ഭാഗ്യലക്ഷ്മി ചോദിച്ചു.

ഒരു എഫ്‌ഐആര്‍ ഇടുന്നതിന് മുന്‍പ് അവള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണ്ടേ? ഒരു മണിക്കൂറിനകത്ത് എഫ്‌ഐആര്‍ ഇടുന്നത് ഞാന്‍ ആദ്യമായിട്ട് കാണുകയാണ്. നമ്മളൊക്കെ എത്രയോ പരാതി കൊടുത്തതാണ്. അന്ന് എന്റെ വിഷയത്തിലൊക്കെ പരാതി കൊടുത്ത് എത്ര ദിവസം കഴിഞ്ഞിട്ടാണ് എഫ്‌ഐആറിട്ടത്. ആരുടെ ക്വട്ടേഷനാണെന്ന് ട്രാക്ക് പിടിച്ച് പോയോ പറ്റൂ. ഈ സംഘടനക്കുള്ളില്‍ ക്വട്ടേഷന്‍ കൊടുക്കുക എന്നത് അവര്‍ സ്ഥിരം ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

Tags:    

Similar News