ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണ്; ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഭയം തോന്നുന്നു; ഭൂമി പെഡ്നേക്കര്‍
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പ്രതികരിച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കര്‍. കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നത് ഹൃദയഭേദകമായ വിവരങ്ങളാണെന്നാണ് ഭൂമി പറഞ്ഞത്. എബിപി നെറ്റ് വര്‍ക്ക്സിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ 2025ല്‍ സംസാരിക്കവെയാണ് താരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞത്.
'ഇന്ത്യന്‍ സിനിമ മേഖലയില്‍ ശരിയായ രീതിയില്‍ നിയമ വ്യവസ്ഥ പാലിച്ച് നടത്തിയ റിപ്പോര്‍ട്ടില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഹൃദയഭേദകമാണ്. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഭയം തോന്നുന്നു. ഇത് സിനിമ മേഖലയെ കുറിച്ച് മാത്രമല്ല', ഭൂമി പറഞ്ഞു.
'മുംബൈയില്‍ എന്റെ കൂടെ താമസിക്കുന്ന എന്റെ ചെറിയ കസിന്‍ കോളേജില്‍ പോയി 11 മണിയാകുമ്പോഴേക്കും വന്നില്ലെങ്കില്‍ എനിക്ക് പേടിയാകും. പത്രത്തിന്റെ ആദ്യ പേജില്‍ തന്നെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തയാണുള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സ്ഥിരമായി നടക്കുന്ന കാര്യമാണെന്നും', ഭൂമി കൂട്ടിച്ചേര്‍ത്തു.