എട്ട് വര്‍ഷത്തെ നിയമപോരാട്ടം; ഹോളിവുഡ് താര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന കരാറില്‍ ഒപ്പുവെച്ചു: ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ച് ആഞ്ജലീനയും കുട്ടികളും

Update: 2024-12-31 08:04 GMT

ഹോളിവുഡ് താര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചന കരാറില്‍ എത്തി. ഇരുവരും കഴിഞ്ഞ ദിവസം വിവാഹമോചന കരാറില്‍ ഒപ്പ് വെച്ചതായി അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്വത്ത് തര്‍ക്കവും കുട്ടികളുടെ അവകാശവും എല്ലാം ബന്ധപ്പെട്ട് വിവാഹമോചനം വൈകുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ വിരാമം ഇട്ടിരിക്കുന്നത്. ആഞ്ജലീനയും കുട്ടികളും ബ്രാഡ് പിറ്റുമായി പങ്കിട്ടിരുന്ന സ്വത്തുക്കളിലുള്ള എല്ലാ അവകാശവും ഉപേക്ഷിച്ചുവെന്നും കുടുംബത്തിന്റെ സമാധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവരുടെ അഭിഭാഷകനെ ഉദ്ധരിച്ച് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു.

2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. അന്ന് മുതല്‍ നിയമപോരാട്ടം തുടരുകയായിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവും കുട്ടികളുടെ അവകാശവും ധാരണയിലെത്താതിരുന്നതോടെയാണ് നിയമയുദ്ധം നീണ്ടുപോയത്. എന്നാല്‍ തങ്ങള്‍ക്കിടയിലെ വിയോജിപ്പുകളുടെ കാരണം താരതമ്യേന രഹസ്യമാക്കിവെക്കാനാണ് ഇരുവരും ശ്രമിച്ചത്.

ഒരു കാലത്ത് ഹോളിവുഡിലെ താരദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. വിവാഹിതരായി രണ്ടുവര്‍ഷത്തിനുശേഷം പിറ്റില്‍ നിന്ന് വിവാഹമോചചനം ആവശ്യപ്പെട്ട് ആഞ്ജലീന കോടതിയിലെത്തി. വിമാനത്തിനുള്ളില്‍ വച്ചുള്ള ബ്രാഡ് പിറ്റുമായുള്ള തര്‍ക്കമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. മാനസികമായും ശാരീരികമായും തന്നേയും മക്കളേയും ബ്രാഡ് പിറ്റ് ഉപദ്രവിച്ചുവെന്നും മക്കളുടെ മുന്നില്‍ അധിക്ഷേപിച്ചുവെന്നും ജോളി ആരോപിച്ചിരുന്നു. മക്കളില്‍ ഒരാളെ ശ്വാസംമുട്ടിച്ചുവെന്നും മറ്റൊരാളുടെ മുഖത്തടിച്ചെന്നും തങ്ങളുടെ മേല്‍ ബിയര്‍ ഒഴിച്ചുവെന്നും നടി വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷം രേഖകള്‍ പുറത്തുവിട്ട എഫ്ബിഐക്കും ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റിസിനുമെതിരെ ജോളി കേസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പിന്നീട് പിന്‍വലിച്ചു.

2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വൈകാതെ അവര്‍ പങ്കാളികളാവുകയും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. അന്ന് വിവാഹിതരായിരുന്നില്ലെങ്കിലും ഹോളിവുഡിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ദമ്പതിമാരായിരുന്നു അവര്‍. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.

Tags:    

Similar News