ബോഡി ഷെയ്മിങിനെതിരെ പ്രതികരിച്ച് കയ്യടി നേടി; പിന്നാലെ യുട്യൂബറുടെ രൂപത്തെ പരിഹസിച്ച് കമന്റ്; ഗൗരി കിഷനെതിരെ വിമർശനം; നടിയുടേത് ഇരട്ടത്താപ്പെന്ന് നെറ്റിസൺസ്

Update: 2025-11-10 10:08 GMT

കൊച്ചി: ബോഡി ഷെയ്മിങിനെതിരെ ശക്തമായി പ്രതികരിച്ച് കയ്യടി നേടിയ നടി ഗൗരി കിഷന് നേരെ വിമർശനങ്ങൾ ഉയരുന്നു. നടിയെ പരിഹസിച്ച യൂട്യൂബറുടെ രൂപത്തെ കളിയാക്കിയുള്ള സോഷ്യൽ മീഡിയ കമന്റ് കാരണം താരമിപ്പോൾ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. യൂട്യൂബർ ആർ.എസ്. കാർത്തിക്കിന്റെ രൂപത്തെ പരിഹസിക്കുന്ന ഒരു പോസ്റ്റിന് താഴെ ഗൗരി കിഷൻ ഇട്ട കമന്റാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ബോഡി ഷെയ്മിങിനെതിരെ ശക്തമായ നിലപാടെടുത്ത ഗൗരി, അതേ രീതിയിൽ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് പ്രധാന വിമർശനം. തൻ്റെ ശരീരത്തെക്കുറിച്ച് മോശം ചോദ്യം ചോദിച്ച യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗൗരി തന്നെ പരിഹാസ രൂപേണ കമന്റ് ചെയ്തതോടെ, അവരുടെ പ്രതികരണത്തിലെ ആത്മാർത്ഥതയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. യൂട്യൂബർ കാർത്തിക്കിന്റെ രൂപത്തെ പരിഹസിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റിന് താഴെ ഗൗരി കിഷൻ തന്റെ ഔദ്യോഗിക ഐഡിയിൽ നിന്ന് 'ഹിയ്യോ' എന്ന രൂപത്തിലുള്ള കമന്റ് പങ്കുവെച്ചു.

ബോഡി ഷെയ്മിങിനെതിരെ സംസാരിച്ച ഗൗരിയും യൂട്യൂബറും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തമിഴ് ചിത്രം 'അദേഴ്‌സി'ൻ്റെ പ്രൊമോഷൻ സമയത്ത് ശരീരഭാരത്തെക്കുറിച്ചുള്ള മോശം ചോദ്യം യൂട്യൂബർ ഉന്നയിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഈ വിഷയം വലിയ ചർച്ചയാവുകയും നടി ഖുശ്‌ബു, സുപ്രിയ മേനോൻ, അഹാന കൃഷ്ണ തുടങ്ങിയ നിരവധി പ്രമുഖർ ഗൗരിക്ക് പിന്തുണയുമായി എത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് യൂട്യൂബർ കാർത്തിക് ഗൗരിയോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഗൗരിയുടെ കമന്റ് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

Tags:    

Similar News