'ദംഗൽ' താരം സൈറ വസീം വിവാഹിതയായി; വൈറൽ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയത് 19ാം വയസ്സിൽ സിനിമ ഉപേക്ഷിച്ച നടി

Update: 2025-10-18 10:44 GMT

മുംബൈ: ബോളിവുഡ് താരം ആമിർ ഖാനൊപ്പം 'ദംഗൽ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടി സൈറ വസീം വിവാഹിതയായി. വെള്ളിയാഴ്ച വൈകീട്ടാണ് സ്വകാര്യ നിക്കാഹ് ചടങ്ങ് നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ നടി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. 'ഖുബൂൽ ഹേ' എന്ന അടിക്കുറിപ്പോടെ രണ്ട് ചിത്രങ്ങളാണ് സൈറ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

വരന്റെ മുഖം വ്യക്തമല്ലാത്ത ഒരു ചിത്രവും വിവാഹ ഉടമ്പടിയിൽ ഒപ്പ് വെക്കുന്ന മറ്റൊരു ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്. രാത്രിയിലെ ആകാശത്തിന് താഴെ ചന്ദ്രനെ നോക്കി നിൽക്കുന്ന വധൂവരന്മാരുടെ ചിത്രം ഏറെ ശ്രദ്ധേയമായി. സൈറ കടും ചുവപ്പ് നിറത്തിലുള്ള വിവാഹ വസ്ത്രം അണിഞ്ഞപ്പോൾ, വരൻ ക്രീം നിറത്തിലുള്ള ഷെർവാനിയും ആയിരുന്നു ധരിച്ചത്.

2016-ൽ പുറത്തിറങ്ങിയ 'ദംഗൽ' എന്ന ചിത്രത്തിലൂടെയാണ് സൈറ വസീം അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിൽ ഗുസ്തി താരം ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അവർക്ക് ലഭിച്ചു. പിന്നീട് 'സീക്രട്ട് സൂപ്പർസ്റ്റാർ' എന്ന ചിത്രത്തിലും അഭിനയിച്ചതിന് ശേഷം 2019-ൽ മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിനയം ഉപേക്ഷിക്കുകയായിരുന്നു.

Tags:    

Similar News