മറ്റൊരു പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ സൽമാൻ; നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ഹൈദരാബാദ്: ദുൽഖർ സൽമാനെ നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഡിക്യൂ 41 ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്.ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു.
ഹൈദരാബാദിൽ നടന്ന ചിത്രത്തിൻ്റെ ലോഞ്ച് പരിപാടിയിൽ, നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുഭ മുഹൂർത്തത്തിൽ നാച്ചുറൽ സ്റ്റാർ നാനി ആദ്യ ക്ലാപ്പടിച്ചപ്പോൾ, സംവിധായകൻ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ അണിയറ പ്രവർത്തകർക്ക് കൈമാറി. ചിത്രത്തിന്റെ ആദ്യ ഷോട്ട് രവി നെലകുടിറ്റി തന്നെയാണ് സംവിധാനം ചെയ്തത്. ദസറ, ദി പാരഡൈസ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ശ്രീകാന്ത് ഒഡെലയും ചടങ്ങിൽ പങ്കെടുത്തു.
തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും. രചന, സംവിധാനം രവി നെലക്കുടിറ്റി, നിർമ്മാതാവ് സുധാകർ ചെറുകുരി, ബാനർ SLV സിനിമാസ്, സഹനിർമ്മാതാവ് ഗോപിചന്ദ് ഇന്നാമുറി, സിഇഒ വിജയ് കുമാർ ചഗന്തി. സംഗീതം ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല, മാർക്കറ്റിംഗ് ഫസ്റ്റ്ഷോ, പിആർഒ ശബരി.