'എന്തിന് ബാഴ്‌സലോണയിൽ തന്നെ പോയി ഊബര്‍ ഡ്രൈവറാകണം?; നമ്മുടെ കൊച്ചിയിൽ തന്നെ കൂടികൂടെ അണ്ണാ..'; ആരാധകന്റെ ചോദ്യത്തിന് കിടുക്കാച്ചി കമെന്റുമായി ഫഹദ്
കൊച്ചി: നടൻ ഫഹദ് ഫാസിൽ ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ആളുകളെ യാത്രക്ക് കൊണ്ടുപോകുന്നതിനേക്കാൾ സന്തോഷം നൽകുന്ന മറ്റൊന്നും തനിക്കില്ലെന്ന് ഫഹദ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഊബർ ഡ്രൈവർ എന്ന ജോലിയിൽ കൂടുതൽ ആനന്ദം കണ്ടെത്തുന്നതായും അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എന്തുകൊണ്ട് ബാഴ്‌സലോണയിൽ തന്നെ എന്ന ചോദ്യത്തിന് താരമിപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.
'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംവിധായകൻ അൽത്താഫ് സലിമിനൊപ്പം പേളി മാണിക്കു നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഇതുവരെ ചെയ്യാത്തതും എന്നാൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതുമായ ഒരു കാര്യം എന്താണ്?' എന്ന പേളിയുടെ ചോദ്യത്തിന് മറുപടിയായാണ് താരം തൻ്റെ ബാഴ്‌സലോണ സ്വപ്നം പങ്കുവെച്ചത്.
"കുറേ ആഗ്രഹങ്ങളുണ്ട്, അതിലൊന്നാണ് ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആവുക എന്നത്. ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നത് നല്ല കാര്യമല്ലേ?" ഫഹദ് ചോദിച്ചു.
"ഇവിടെ കൊച്ചിയിൽ എന്തുകൊണ്ട് ആയിക്കൂടാ?" എന്ന പേളിയുടെ ചോദ്യത്തിന് താരം ചിന്തിക്കാതെ നൽകിയ മറുപടി രസകരമായിരുന്നു. "ഇവിടുത്തെ ട്രാഫിക് വളരെ കൂടുതലാണ്. ബാഴ്‌സലോണയിലെ റോഡുകൾ ഇതിനേക്കാൾ മികച്ചതാണെന്നും അവിടുത്തെ ട്രാഫിക് നിയന്ത്രിക്കാൻ എളുപ്പമാണെന്നും" ഫഹദ് കൂട്ടിച്ചേർത്തു.