'ഭ്രാന്തനെന്ന് മുദ്രകുത്തി ഒരു വർഷത്തോളം മുറിയിൽ പൂട്ടിയിട്ടു'; കാവൽക്കാരെ നിയമിച്ചു, ഫോൺ പിടിച്ചുവെച്ചു; ആമിർ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ
മുംബൈ: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനെതിരെയുള്ള സഹോദരന്റെ വെളിപ്പെടുത്തൽ വാർത്തകളിൽ ഇടംപിടിക്കുന്നു. സഹോദരനും നടനുമായ ആമിർ തന്നെ ഒരു വർഷത്തോളം വീട്ടുതടങ്കലിലാക്കി എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഫൈസൽ ഖാൻ ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡിനെ ഞെട്ടിച്ച ഈ വെളിപ്പെടുത്തൽ ഒരു അഭിമുഖത്തിലാണ് ഫൈസൽ നടത്തിയത്.
സ്കിസോഫ്രീനിയ എന്ന മാനസികാസ്വാസ്ഥ്യം തനിക്കുണ്ടെന്ന് വരുത്തിത്തീർത്ത് കുടുംബാംഗങ്ങൾ തന്നെ ഭ്രാന്തനെന്ന് മുദ്രകുത്തിയതായി ഫൈസൽ വ്യക്തമാക്കുന്നു. സമൂഹത്തിന് ദോഷം വരുമെന്ന് പറഞ്ഞ് പുറംലോകവുമായുള്ള സമ്പർക്കം പൂർണ്ണമായി വിലക്കി. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു അതെന്ന് ഫൈസൽ ഖാൻ പറയുന്നു.
ഒരു വർഷത്തോളം ഭ്രാന്തനെന്ന് മുദ്രകുത്തി തന്നെ ആമിര്‍ഖാന്‍ മുറിയില്‍ പൂട്ടിയിട്ടു. തന്റെ ഫോൺ പിടിച്ചുവെക്കുകയും മുറിക്ക് പുറത്ത് കാവൽക്കാരെ നിയമിക്കുകയും ചെയ്തിരുന്നതായി ഫൈസൽ ആരോപിക്കുന്നു. ബലമായി മരുന്നുകൾ കഴിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരുന്നുകളുടെ പാർശ്വഫലമായി ശരീരഭാരം 103 കിലോഗ്രാം വരെ വർദ്ധിച്ചു, ഇത് സിനിമാജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനിടെ, മുംബൈയിലെ ജെ.ജെ. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ ഏകദേശം 20 ദിവസം നിർബന്ധിത ചികിത്സയ്ക്കും വിധേയനാക്കിയെന്നും ഫൈസൽ പറയുന്നു.
2000-ൽ ആമിർ ഖാനോടൊപ്പം 'മേള' എന്ന ചിത്രത്തിൽ ഫൈസൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു. 1988-ൽ 'ഖയാമത് സേ ഖയാമത് തക്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് സംവിധാനത്തിലും സാന്നിധ്യമറിയിച്ചു. 2021-ൽ 'ഫാക്ടറി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. ഫൈസൽ ഖാന്റെ ഈ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ ആരോപണങ്ങളോട് ആമിർ ഖാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.