10 വർഷം പ്രണയിച്ചു, ഒരുമിച്ച് കറങ്ങി; പക്ഷേ വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും ഒരുമിച്ച് താമസിച്ചിട്ടില്ല; റിതേഷുമായുള്ള പ്രണയകാലത്തെ ആ രഹസ്യം വെളിപ്പെടുത്തി ജെനീലിയ

Update: 2026-02-13 10:57 GMT

മുംബൈ: പ്രണയകാലത്തെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് ജെനീലിയ. ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. നീണ്ട 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ജെനീലിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. വിവാഹത്തിന് മുൻപ് തങ്ങൾ ഒരിക്കൽ പോലും ഒരു മുറിയിൽ ഒരുമിച്ച് താമസിച്ചിട്ടില്ല എന്നാണ് ജെനീലിയ വെളിപ്പെടുത്തിയത്. സാനിയ മിർസയുമായുള്ള പോഡ്‌കാസ്റ്റിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.

ജെനീലിയയുടെ വാക്കുകൾ:

"ഞങ്ങൾ പത്ത് വർഷത്തോളം പ്രണയിച്ചു. ആ കാലയളവിൽ ഒരുപാട് യാത്രകൾ പോയിരുന്നു. പക്ഷേ വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും ഞങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നില്ല. യാത്രകളിൽ എപ്പോഴും സുഹൃത്തുക്കളും കൂടെയുണ്ടാകുമായിരുന്നു. അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ വേറെ വേറെ മുറികളിലാണ് താമസിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് സമയത്തും അങ്ങനെ തന്നെയായിരുന്നു."

വിവാഹത്തിന് ശേഷമാണ് തങ്ങൾ ആദ്യമായി ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതെന്നും അത് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നുവെന്നും ജെനീലിയ കൂട്ടിച്ചേർത്തു. തങ്ങളുടെ ജീവിതത്തിൽ എന്ത് നടന്നാലും അത് പരസ്പരം പങ്കുവെക്കുമായിരുന്നുവെന്നും എല്ലാം തുറന്നു സംസാരിക്കുന്ന ശൈലിയാണ് തങ്ങളുടേതെന്നും റിതേഷ് ദേശ്മുഖും പറഞ്ഞു.

2003-ൽ 'തുജേ മേരി കസം' എന്ന ചിത്രത്തിലൂടെയാണ് ജെനീലിയയും റിതേഷും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ജെനീലിയ തിളങ്ങി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'ഉറുമി' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും ജെനീലിയ സുപരിചിതയാണ്.

Tags:    

Similar News