പ്രേക്ഷകർക്ക് മോഹൻലാലിന്റെ ക്രിസ്മസ് സമ്മാനം; 'ബറോസ്' തീയേറ്ററുകളിൽ എത്താനിരിക്കെ വമ്പൻ സർപ്രൈസ്; 'ഗ്ലോറിയ' എന്ന വീഡിയോ ഗാനം പുറത്ത്

Update: 2024-12-24 13:01 GMT

കൊച്ചി: ആദ്യ സംവിധാന അരങ്ങേറ്റ ചിത്രമായ 'ബറോസ്' തീയേറ്ററുകളിലെത്താൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ സര്‍പ്രൈസുമായി നടന്‍ മോഹന്‍ലാല്‍. 'ഗ്ലോറിയ' എന്ന ക്രിസ്മസ് വീഡിയോ ഗാനമാണ് മോഹന്‍ലാലിന്‍റെതായി പ്രേക്ഷകര്‍ക്ക് എത്തിയിരിക്കുന്നത്. ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയാണ്. ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം. വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടികെ രാജീവ് കുമാറാണ്. ജെബിന്‍ ജേക്കബ് ക്യാമറ ചലിപ്പിച്ചു. ഡോണ്‍ മാക്‌സാണ് ഗാനത്തിന്റെ എഡിറ്റിംഗ്.

അതേസമയം, നാളെയാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് 22 ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിംഗിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

Tags:    

Similar News