"മകൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഉണ്ടാകില്ലായിരുന്നു, മോശമായി പെരുമാറിയവരോട് പൊറുക്കില്ല"; ആ സമയത്ത് വേദന മാത്രമായിരുന്നു; ഗർഭകാലത്തെയും അതിജീവനത്തെയും കുറിച്ച് മനസ്സ് തുറന്ന് മേഘ്ന രാജ്

Update: 2026-02-21 11:35 GMT

ബെംഗളൂരു: ഗർഭകാലത്ത് നേരിട്ട ദുരിതങ്ങളെയും മോശം അനുഭവങ്ങളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. ആ സമയത്ത് തന്നോട് മോശമായി പെരുമാറിയവരോട് ഒരിക്കലും പൊറുക്കില്ലെന്നും മറക്കില്ലെന്നും അവർ വ്യക്തമാക്കി. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിനു ശേഷം ഗർഭിണിയായിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് മേഘനയുടെ വെളിപ്പെടുത്തൽ. അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കിൽ ആ കാലം അതിജീവിക്കാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

35-ാം വയസ്സിൽ ചിരഞ്ജീവി സർജ വിടവാങ്ങുമ്പോൾ മേഘന ഗർഭിണിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനായി കാത്തിരുന്ന മേഘനയ്ക്ക് കാലം സമ്മാനിച്ചത് മായാത്ത വേദനയുടെ നാളുകളായിരുന്നു. റയാൻ മിഥുന് നൽകിയ അഭിമുഖത്തിലാണ് ഭർത്താവിന്റെ വിയോഗത്തിനിടയിലും കുഞ്ഞിനായി ജീവൻ ചേർത്തുവെച്ച ആ നാളുകളെക്കുറിച്ച് മേഘന മനസ്സ് തുറന്നത്.

"ഗർഭിണിയാണെന്ന് അറിയുന്നതോടെ മനസ്സു നിറയെ സ്വപ്നങ്ങളായിരിക്കും. എങ്ങനെയായിരിക്കും ഇനിയുള്ള ജീവിതമെന്നും, ആദ്യത്തെ മൂന്ന് മാസം ആരോടും പറയാതെ വച്ച് പിന്നീട് എല്ലാവരോടും പറയാമെന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാൽ, പെട്ടെന്നാണ് എന്റെ ഗർഭകാലം ഒരു അതിജീവനമായി മാറിയത്. എന്റെ കുഞ്ഞിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം," അവർ പറഞ്ഞു. ഒരു ദിവസം വൈകുന്നേരം മുഴുവൻ മുറിയിലിരുന്ന് കരഞ്ഞപ്പോഴും, ഉള്ളിലെ കുഞ്ഞിനോട് എങ്ങനെ സന്തോഷമായിരിക്കണമെന്ന് താൻ പറഞ്ഞുകൊടുക്കുകയായിരുന്നുവെന്നും മേഘന വെളിപ്പെടുത്തി.

മകൻ ജനിക്കുന്നതുവരെ ഈ അവസ്ഥ തുടർന്നു. "ഇന്നുവരെ, എന്റെ മകൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഉണ്ടാകില്ലായിരുന്നുവെന്ന് തോന്നുന്നു. അവൻ വന്നതിന് ഒരു കാരണമുണ്ടായിരുന്നു," അവർ കൂട്ടിച്ചേർത്തു. ആ കാലഘട്ടത്തിൽ സന്തോഷമേ ഉണ്ടായിരുന്നില്ല, വേദന മാത്രമായിരുന്നു. പൊതുജനമധ്യത്തിൽ ചിരിക്കാൻ പോലും തനിക്ക് ഭയമായിരുന്നെന്നും നടി പറഞ്ഞു. കുഞ്ഞിന് ജന്മം നൽകുക എന്നത് മാത്രമായിരുന്നു ആ സമയത്ത് ജീവിച്ചിരിക്കാൻ തനിക്കുമുണ്ടായിരുന്ന ഏക കാരണം.

മകൻ ജനിച്ചതോടെ തന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ചനുഭവിച്ച നിമിഷമായിരുന്നു അത്. പിന്നീട് തനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചുവെന്നും മേഘന വ്യക്തമാക്കി. "എന്റെ അച്ഛനും അമ്മയുമില്ലായിരുന്നുവെങ്കിൽ ഗർഭകാലം ഞാൻ അതിജീവിക്കില്ലായിരുന്നു," അവർ ഊന്നിപ്പറഞ്ഞു.

Tags:    

Similar News