'വിവാഹത്തിന് വിളിക്കില്ലെന്ന് അറിയാം, രക്ഷിത് പഴയതോർത്ത് കരയുകയൊന്നുമില്ല'; രശ്മികയെ പരിഹസിച്ച് പ്രമോദ് ഷെട്ടി; താരത്തിന്റെ വിവാഹ വാർത്തകൾക്കിടെ പുതിയ വിവാദം

Update: 2026-02-21 16:51 GMT

ഉദയ്‌പൂർ: തെന്നിന്ത്യൻ ചലച്ചിത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് രശ്മിക മന്ദാനയുടേതും വിജയ് ദേവരകൊണ്ടയുടേതും. ഈ മാസം 26ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വെച്ച് ഇവർ വിവാഹിതരാകുമെന്നാണ് വാർത്തകൾ. തീർത്തും സ്വകാര്യ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. വിവാഹ ഒരുക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ രശ്‌മികയ്‌ക്കെതിരെ മുൻകാമുകന്റെ സുഹൃത്ത് നടത്തിയ പരിഹാസം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

രശ്‌മികയുടെ മുൻകാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് പ്രമോദാണ് രശ്‌മികയെ ലക്ഷ്യമിട്ട് പരിഹാസച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്. "രശ്‌മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ല. കിട്ടിയാൽ പോകും. രശ്‌മിക വിളിക്കില്ലെന്ന് നമുക്കെല്ലാം അറിയാമല്ലോ. പിന്നെ രക്ഷിത് ഷെട്ടി... അവൻ കൊച്ചു കുട്ടിയൊന്നുമല്ല ചോക്ലേറ്റും കഴിച്ച് പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായിരിക്കാൻ," എന്നായിരുന്നു പ്രമോദിന്റെ വാക്കുകൾ. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രമോദിനെതിരെ രശ്‌മികയുടെ ആരാധകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രണയബന്ധം അവസാനിപ്പിച്ച ശേഷം മുൻകാമുകനെയും സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ പ്രമോദിനെ വിമർശിച്ചു. രശ്‌മികയുടെ വളർച്ചയിലുള്ള അസൂയയാണ് ഈ വാക്കുകൾക്ക് പിന്നിലെന്നും വിമർശനമുയർന്നിട്ടുണ്ട്. നടിക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായാണ് പലരും പ്രമോദിന്റെ വാക്കുകളെ കാണുന്നത്. 2016ൽ രക്ഷിത് ഷെട്ടി നായകനായ 'കിരിക് പാർട്ടി' എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക മന്ദാന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

തൊട്ടടുത്ത വർഷം, 21 വയസ്സുണ്ടായിരുന്ന രശ്‌മികയും 34 വയസ്സുണ്ടായിരുന്ന രക്ഷിത് ഷെട്ടിയും തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ, ഒരു വർഷത്തിന് ശേഷം ഇരുവരും വിവാഹനിശ്ചയം റദ്ദാക്കിയതായി അറിയിച്ചു. ഈ സംഭവത്തിനുപിന്നാലെ രശ്‌മിക വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. പൊതുവേദികളിൽ പോലും ഇത്തരം പരിഹാസങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് രശ്‌മിക ചലച്ചിത്ര ലോകത്ത് സജീവമായത്. രശ്‌മികയും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ചഭിനയിച്ച 'ഗീതാഗോവിന്ദം' എന്ന ചിത്രം മുതൽ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന വിവാഹവാർത്തകൾ ആ അഭ്യൂഹങ്ങളെ ശരിവെക്കുന്ന തരത്തിലാണ്. 

Tags:    

Similar News