'ഞാൻ സെൻസർ ബോർഡിന്റെ ബ്രാൻഡ് അംബാസഡർ'; അന്ന് എന്റെ ചിത്രത്തിന് നിർദേശിച്ചത് 48 കട്ടുകൾ; ഒടുവിൽ അനുമതി ലഭിച്ചപ്പോൾ ആ മഹാമാരിയെത്തി; തുറന്ന് പറഞ്ഞ് ജീവ
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് സെൻസർ സർട്ടിഫിക്കേഷൻ തർക്കങ്ങൾ കൊടുമ്പിരിക്കൊള്ളുന്നതിനിടെ, താൻ സെൻസർ ബോർഡിന്റെ 'ബ്രാൻഡ് അംബാസഡർ' ആണെന്ന് നടൻ ജീവ. തന്റെ 'ജിപ്‌സി' എന്ന ചിത്രത്തിന് സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) 48 കട്ടുകൾ നിർദേശിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ തനിക്ക് വലിയ അനുഭവസമ്പത്തുണ്ടെന്നും ജീവ വെളിപ്പെടുത്തി.
നടൻ വിജയ് നായകനാകുന്ന 'ജനനായകൻ' ഉൾപ്പെടെ ഒന്നിലധികം തമിഴ് ചിത്രങ്ങളുടെ റിലീസ് സെൻസർ ബോർഡ് തർക്കങ്ങളെ തുടർന്ന് വൈകിയത് ചലച്ചിത്ര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജീവയുടെ തുറന്നു പറച്ചിൽ. തന്റെ പുതിയ ചിത്രമായ 'തലൈവർ തമ്പി തലൈമൈയിൽ' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ജീവ
'ജിപ്‌സി'ക്ക് നേരിട്ട സെൻസർ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. "എല്ലാ കട്ടുകൾക്കും ശേഷം സെൻസർ ബോർഡിൽ നിന്ന് ഒടുവിൽ അനുമതി ലഭിച്ചപ്പോൾ, കോവിഡ് മഹാമാരി ആരംഭിക്കുകയായിരുന്നു. ആ സിനിമയുടെ റിലീസ് സമയത്ത് മാത്രമാണ് ഞങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്," ജീവ പറഞ്ഞു. രാജു മുരുകൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് 'ജിപ്‌സി'. നതാഷ സിങ്, ലാൽ ജോസ്, സണ്ണി വെയ്ൻ എന്നിവർ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ഒരു സംഗീതജ്ഞനും യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയും തമ്മിലുള്ള വിവാഹത്തെ ചുറ്റിപ്പറ്റിയാണ് 'ജിപ്‌സി'യുടെ കഥ വികസിക്കുന്നത്. ജീവയുടെ 45-ാമത്തെ ചിത്രമായ 'തലൈവർ തമ്പി തലൈമൈയിൽ' സംവിധാനം ചെയ്യുന്നത് നിതീഷ് സഹദേവാണ്. ജീവയെ കൂടാതെ, പ്രാർഥന നാഥൻ, തമ്പി രാമയ്യ, സുബ്രമണി, ജെൻസൺ ദിവാകർ, ഇളവരസു, ജയ്വന്ത്, സാവിത്രി, സസ്തി പ്രാണേഷ്, സുബാഷ് കണ്ണൻ, രാജേഷ് പാണ്ഡ്യൻ, മണിമേഗലൈ, സർജിൻ കുമാർ, മോഹൻ, അമിത് മോഹൻ, ശരത്, അനുരാജ് ഒ.ബി, സുർജിത്ത് പി ബാഷേർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദ്യം ജനുവരി 30-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രം പിന്നീട് ജനുവരി 15-ലേക്ക് റിലീസ് മാറ്റിയിരുന്നു.