ആമിർ ഖാനെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ചിലർ കാലങ്ങളായി ശ്രമിക്കുന്നു; 'സത്യമേവ ജയതേ'യിലെ ആ എപ്പിസോഡിന് പിന്നാലെ വധഭീഷണികൾ ഉണ്ടായി; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ
മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന് വധഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടനും അനന്തരവനുമായ ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. പെൺശിശുഹത്യയെക്കുറിച്ച് അവതരിപ്പിച്ച എപ്പിസോഡിനെ തുടർന്നാണ് ആമിർ ഖാന് ഭീഷണിയുണ്ടായതെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. 'അൺഫിൽറ്റേഡ് വിത്ത് സംദീഷ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ആമിർ ഖാനെക്കുറിച്ചുള്ള ഈ വിവരങ്ങൾ ഇമ്രാൻ ഖാൻ പങ്കുവെച്ചത്.
"ഞാൻ ജനിച്ചപ്പോൾ മുതൽ ആമിറിനെ അറിയാം. അദ്ദേഹത്തിന്‍റെ എല്ലാ തിരഞ്ഞെടുപ്പുകളും സത്യസന്ധവും വിശ്വാസയോഗ്യവുമാണെന്ന് എനിക്ക് ഉറപ്പുണ്ട്. 'സത്യമേവ ജയതേ'യിലെ പെൺശിശുഹത്യയെക്കുറിച്ചുള്ള എപ്പിസോഡ് നിരവധി ആളുകളെ പ്രകോപിപ്പിച്ചു, അത് വധഭീഷണികളിലേക്ക് വരെ നയിച്ചു," ഇമ്രാൻ ഖാൻ പറഞ്ഞു.
ആമിർ ഖാൻ പലപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ചിലർ കാലങ്ങളായി ശ്രമിക്കുന്നുണ്ടെന്നും ഇംറാൻ കൂട്ടിച്ചേർത്തു. ആമിർ ഖാന്‍റെ അഭിപ്രായ പ്രകടനങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ടെന്നും, ചിലപ്പോഴൊക്കെ അത്തരം വിമർശനങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലേക്കും കടന്നുവന്നിട്ടുണ്ടെന്നും ഇമ്രാൻ ചൂണ്ടിക്കാട്ടി.
2012 നും 2014 നും ഇടയിൽ സംപ്രേഷണം ചെയ്ത 'സത്യമേവ ജയതേ' ആമിർ ഖാൻ അവതരിപ്പിച്ച ഒരു ടോക്ക് ഷോ ആയിരുന്നു. 25 എപ്പിസോഡുകളുള്ള ഈ പരിപാടിയിൽ, ഓരോ എപ്പിസോഡിലും വ്യത്യസ്തമായ ഒരു സാമൂഹിക പ്രശ്നമാണ് ആമിർ അവതരിപ്പിച്ചത്. അതിജീവിതരെയും സാമൂഹിക പ്രവർത്തകരെയും പ്രമുഖരെയും ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ക്ഷണിച്ചു. പെൺഭ്രൂണഹത്യ, ബാലലൈംഗിക പീഡനം, ബലാത്സംഗം, ദുരഭിമാനക്കൊല, ഗാർഹിക പീഡനം, തൊട്ടുകൂടായ്മ, വിവേചനം, വിഷലിപ്തമായ പുരുഷത്വം, മദ്യപാനം, രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തുടങ്ങിയ നിരവധി വിഷയങ്ങളെ ഈ ഷോ സ്പർശിച്ചു.