'മക്കള്‍ എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അത് കഠിനാധ്വാനത്തിലൂടെയായിരിക്കണം എന്ന് അമ്മയും അപ്പയും പറയുമായിരുന്നു; ആദ്യ സിനിമയ്ക്ക് ശേഷം നേരിട്ട വിമര്‍ശനങ്ങള്‍ മാനസികമായി ബാധിച്ചു; അമ്മയോട് താരതമ്യം ചെയ്തത് വിഷമിപ്പിച്ചു'; ഇഷ ഡിയോള്‍

Update: 2025-04-04 12:05 GMT

പ്രശസ്ത സിനിമ താരങ്ങളായ ധര്‍മ്മേന്ദ്ര-ഹേമ മാലിനി ദമ്പതികളുടെ മകളായ ഇഷ ഡിയോള്‍ തന്റെ കരിയറിലുടനീളമുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. സിനിമാരംഗത്തേക്ക് ആദ്യമായി കാല്‍വെച്ചപ്പോള്‍ നേരിട്ടിരുന്ന വിമര്‍ശനങ്ങളും വ്യക്തി ജീവിതത്തില്‍ ഉണ്ടായ വെല്ലുവിളികളും കുറിച്ച് നടി തുറന്നുപറയുകയാണ്.

'ഞങ്ങളുടെ കുടുംബജീവിതം എപ്പോഴും ലളിതമായിരുന്നു. അവരുടെ പ്രശസ്തി കുട്ടികളെ ബാധിക്കാതിരിക്കണമെന്ന് എന്റെ അമ്മയും അപ്പയും ആഗ്രഹിച്ചിരുന്നു. മക്കള്‍ എന്തെങ്കിലും നേടുന്നുണ്ടെങ്കില്‍ അത് കഠിനാധ്വനത്തിലൂടെയായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നമ്മുടേതായ ശ്രമത്തിലൂടെ മുന്നേറണം, അവകാശം എന്നത് അര്‍ഹതയാകണം എന്നായിരുന്നു അവരുടെ നിലപാട്,'' ഇഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

2002ല്‍ പുറത്തിറങ്ങിയ 'കോയി മേറെ ദില്‍ സേ പൂച്ചേ' എന്ന ചിത്രത്തിലൂടെയാണ് ഇഷ ഡിയോള്‍ അഭിനയരംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിനൊടുവില്‍ തന്നെ താരത്തിനുമേല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ ഭാരം കൂടിയതിനെക്കുറിച്ചും അഭിനയത്തിനെ കുറിച്ചുമുള്ള പ്രതികരണങ്ങള്‍ തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്ന് നടി പറഞ്ഞു.

'അന്നത്തെ റിവ്യൂകളില്‍ എന്റെ അമ്മയോടുള്ള താരതമ്യം പ്രധാനമായിരുന്നു. അമ്മയെ പോലെ ആകില്ല എന്ന വിമര്‍ശനം തുടര്‍ച്ചയായി കേള്‍ക്കേണ്ടി വന്നു. കൂടാതെ, എന്റെ ഭാരം കൂടുതലാണ് എന്ന ചര്‍ച്ചകളും നടന്നു. അവയൊക്കെ വേദനിപ്പിച്ചെങ്കിലും, കുടുംബത്തിന്റെ പിന്തുണയോടെ അതിനെ അതിജീവിക്കാന്‍ കഴിഞ്ഞു,'' ഇഷ പറഞ്ഞു.

സിനിമാരംഗത്തേക്ക് വന്നയുടനെ പല സഹതാരങ്ങളുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് വ്യാജപ്രചാരണങ്ങള്‍ ആരംഭിച്ചതായും ഇഷ ഓര്‍ക്കുന്നു. അജയ് ദേവ്ഗണുമൊത്തുള്ള സൗഹൃദം പോലും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനായിരുന്ന ശ്രമം. ''അജയ് ഒരു വലിയ സഹോദരനെപ്പോലെയാണ്. അങ്ങനെ ചിന്തിക്കേണ്ടിടത്തോളം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു,'' നടി കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ അമ്മയുടെ ഉപദേശം വലിയ പിന്തുണയായിരുന്നുവെന്ന് ഇഷ പറഞ്ഞു. ''മാനസികമായി തളരുന്നുവെങ്കില്‍ അത് നിര്‍ത്തുക. എന്നാല്‍, ഇത് തന്നെ ചെയ്യണമെന്നുള്ളത് ഉറപ്പാണെങ്കില്‍ മുന്നോട്ടു പോകൂ'' എന്നായിരുന്നു ഹേമ മാലിനിയുടെ നിര്‍ദേശം. ഇന്നത്തെ സിനിമാരംഗത്ത് പ്രതീക്ഷകള്‍ക്കും താരതമ്യങ്ങള്‍ക്കുമിടയില്‍ താന്‍ വളര്‍ന്നുപൊങ്ങാന്‍ കഠിനാധ്വാനം ചെയ്തതായും, സിനിമയില്‍ നിലനിര്‍ത്താന്‍ വേണ്ടി ഏറെ പരിശ്രമിക്കേണ്ടി വന്നതായും ഇഷ ഡിയോള്‍ തുറന്നുപറയുന്നു.

Tags:    

Similar News