'നടൻ കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചത് ദിവ്യ ഉണ്ണിയല്ല, അത് മറ്റൊരു നായിക'; സംഭവം 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' സിനിമയുടെ സെറ്റിൽ; വെളിപ്പെടുത്തലുമായി വിനയൻ

Update: 2025-10-03 07:49 GMT

കൊച്ചി: നടൻ കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ച നടി ദിവ്യ ഉണ്ണിയല്ലെന്ന് സംവിധായകൻ വിനയൻ. യഥാർത്ഥത്തിൽ സംഭവം നടന്നത് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണെന്നും മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി ആയിരുന്നില്ലെന്നും വിനയൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

വിനയൻ സംവിധാനം ചെയ്ത 'കല്യാണ സൗഗന്ധികം' എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ദിവ്യ ഉണ്ണിക്കെതിരെ വർഷങ്ങളായി ഈ ആരോപണം നിലനിന്നത്. ചിത്രത്തിൽ കലാഭവൻ മണിയുടെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ദിവ്യ ഉണ്ണി പറഞ്ഞതായും ഇത് മണിയെ അപമാനിച്ചുവെന്നുമുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് ദിവ്യ ഉണ്ണിക്കെതിരെ വലിയ സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

എന്നാൽ, 'കല്യാണ സൗഗന്ധികം' സിനിമയുടെ ലൊക്കേഷനിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വിനയൻ വിശദീകരിച്ചു. 'കല്യാണ സൗഗന്ധികം' സിനിമയുടെ സെറ്റിൽ, മണിയോടൊപ്പം അഭിനയിക്കേണ്ട ഒരു പാട്ട് രംഗത്തെക്കുറിച്ച് അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞപ്പോൾ, 'ഏയ്, മണിച്ചേട്ടന്റെ കൂടെ ഞാനില്ല, എന്റെ ഹീറോ ദിലീപ് ചേട്ടനാണ്' എന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. ഇത് ഒരു പതിനാലുകാരിയായ സിനിമയിലേക്ക് കടന്നുവന്ന നടിയുടെ ദിലീപിന്റെ നായികയാകാനുള്ള സ്വപ്നമായി മാത്രമേ അന്ന് കണ്ടിട്ടുള്ളൂവെന്നും, കാര്യം ബോധ്യപ്പെടുത്തിയപ്പോൾ ദിവ്യ അത് ചെയ്യുകയും ചെയ്തുവെന്നും വിനയൻ ഓർത്തെടുത്തു.

'വാസന്തിയും ലക്ഷ്മി'യും സിനിമയിലേക്ക് നായികയെ അന്വേഷിച്ചപ്പോഴാണ് മറ്റൊരു പ്രശസ്ത നടിയാണ് അത്തരം ഒരു പരാമർശം നടത്തിയത്. ഈ രണ്ട് സംഭവങ്ങളെയും കൂട്ടിച്ചേർത്ത് ചിലർ പ്രചരിപ്പിച്ച വ്യാജ വാർത്തകളാണ് ദിവ്യ ഉണ്ണിയിലേക്ക് ആരോപണം എത്തിച്ചത്. 'വാസന്തിയും ലക്ഷ്മി'യും സിനിമയിൽ അഭിനയിക്കാൻ ബുദ്ധിമുട്ട് പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.

Tags:    

Similar News