'ആണുങ്ങളെ വിശ്വസിക്കാം, എന്നാൽ ചില സ്ത്രീകളെ ഒരിക്കലും വിശ്വസിക്കരുത്'; കേസ് വന്നപ്പോൾ പഠിച്ച പാഠമാണത്; പുരുഷന്മാർക്ക് സപ്പോർട്ടിന് താൻ ഉണ്ടാകുമെന്നും കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ

Update: 2026-01-21 11:56 GMT

കോഴിക്കോട്: ആണുങ്ങളെ വിശ്വസിച്ചാലും ചില പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ സെറീന. കൂട്ടിക്കൽ ജയചന്ദ്രന് പോക്‌സോ കേസിൽ ജാമ്യം നേടിയെടുത്തതിന് പിന്നാലെ ഭാര്യ സെറീനയുടെ പ്രസ്താവന. കോഴിക്കോട് പ്രസ് ക്ലബിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സെറീനയുടെ പ്രതികരണം.

രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ സെറീനയെ പൊന്നാട അണിയിച്ച് ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ഈ പ്രതികരണം. ഭർത്താവിനെതിരായ പോക്‌സോ കേസിൽ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതി വരെ കേസ് നടത്തി ജാമ്യം നേടിയെടുത്തത് സെറീനയാണെന്ന് രാഹുൽ ഈശ്വർ ചടങ്ങിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സെറീന മാധ്യമങ്ങളോട് സംസാരിച്ചത്.

"സത്യം പറഞ്ഞാൽ ഞാനും ഒരു അതിജീവിതയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കേസ് വന്നത്. ജയേട്ടന്റെ ഭാഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമില്ല. ഞാനും പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ്. ആണുങ്ങളെ വിശ്വസിക്കാം. പക്ഷേ കുറച്ച് പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കരുത്. ഈ കേസ് വന്നപ്പോൾ ഞാൻ പഠിച്ച പാഠമാണത്," സെറീന വ്യക്തമാക്കി.

ദേഷ്യം വരുമ്പോൾ പുരുഷന്മാരെ ജയിലിലടയ്‌ക്കാൻ കള്ളക്കേസ് കൊടുക്കുന്നവർക്ക് കുടുംബമുണ്ടെന്ന് ഓർക്കണമെന്നും അവർ കൂട്ടിച്ചേർത്തു. "ഒരിക്കലും ഞങ്ങൾ ആത്മഹത്യ ചെയ്യില്ല. സത്യം എന്നായാലും പുറത്തുവരും. ചേട്ടനിത് ചെയ്തിട്ടില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് എനിക്കാണ്. ഞാനെന്നും ഒപ്പമുണ്ടാകും. എല്ലാ ആണുങ്ങൾക്കും എന്ത് സപ്പോർട്ടിനും ഞാൻ ഉണ്ടാകും," സെറീന പറഞ്ഞു.

Similar News