'അച്ഛന്റെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു'; ഒരുപാട് കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തു; പക്ഷെ അച്ഛന് തിരക്കായി; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി കാവ്യ മാധവൻ
കൊച്ചി: പിതാവ് പി. മാധവന്റെ 75-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കാവ്യ മാധവൻ. ഈ പിറന്നാൾ വലിയ ആഘോഷത്തോടെ നടത്താൻ താൻ ആഗ്രഹിച്ചിരുന്നതായും, ഇതിനായി പിതാവ് അറിയാതെ പല പദ്ധതികളും തയ്യാറാക്കിയിരുന്നതായും കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കാവ്യ മാധവന്റെ കുറിപ്പിന്റെ പൂർണ രൂപം:
ഇന്ന് നവംബർ 10.. അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.
എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ. പക്ഷെ...അച്ഛന് തിരക്കായി… എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ. ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി
ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്റെ നിര്യാണം. സിനിമാ പ്രവേശനകാലം മുതൽ കാവ്യയ്ക്ക് താങ്ങും തണലുമായിരുന്ന വ്യക്തിയാണ് അദ്ദേഹം. കുട്ടിക്കാലത്ത് വേദികളിലും സിനിമാ സെറ്റുകളിലും കാവ്യയോടൊപ്പം നിന്ന് സ്നേഹവും പിന്തുണയും നൽകി. നീലേശ്വരത്തെ ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് താരപദവിയിലേക്ക് ഉയർന്ന കാവ്യയുടെ പിന്നിൽ പി. മാധവന്റെ ജീവിതകാലത്തെ പ്രയത്നമുണ്ടായിരുന്നു.
നീലേശ്വരത്ത് 'സുപ്രിയ ടെക്സ്റ്റൈൽസ്' എന്ന തുണിക്കട നടത്തിയിരുന്ന പി. മാധവൻ, ബിസിനസ് തിരക്കുകൾക്കിടയിലും മകളുടെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണ നൽകി. കലോത്സവ വേദികളിൽ തിളങ്ങിയ കാവ്യയുടെ വളർച്ചയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. വ്യക്തിജീവിതത്തിലുണ്ടായ വിവാദങ്ങളിലും തിരിച്ചടികളിലും മകൾക്ക് കരുത്തുപകർന്നുകൊണ്ട് പി. മാധവൻ എന്നും അവർക്കൊപ്പം നിന്നു.
മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസ്സും മറന്ന് അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.
