'സ്ത്രീയുടെ ഭാരം അവരുടെ വിഷയമേയല്ല, എന്തൊരു നാണക്കേട്'; അവളുടേത് ധീരമായ നിലപാട്; ബഹുമാനം അങ്ങോട്ടും ഇങ്ങോട്ടും നൽകേണ്ടത്; ഗൗരി കിഷന് പിന്തുണയുമായി ഖുശ്ബു സുന്ദർ

Update: 2025-11-07 09:56 GMT

ചെന്നൈ: ഗൗരി കിഷനുണ്ടായ ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ചില മാധ്യമപ്രവർത്തകർ സിനിമാ രംഗത്തെ മോശമാക്കുന്നുവെന്നും ഇത് മാധ്യമപ്രവർത്തനത്തിന്റെ നിലവാരം നഷ്ടപ്പെടുത്തുന്നുവെന്നും ഖുശ്ബു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

'ഒരു സ്ത്രീക്ക് എത്ര ഭാരമുണ്ട് എന്നുള്ളത് അവരുടെ വിഷയമേയല്ല. നായികയുടെ ഭാരത്തെക്കുറിച്ച് നായകനോട് ചോദിച്ചിരിക്കുന്നു. ലജ്ജാകരം. തന്റെ നിലപാടിൽ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച യുവനടി ഗൗരി കിഷന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഗൗരി കിഷൻ ധീരമായ നിലപാടാണ് സ്വീകരിച്ചത്' ഖുശ്ബു കുറിച്ചു. ബഹുമാനം അങ്ങോട്ടും ഇങ്ങോട്ടും നൽകേണ്ട ഒന്നാണെന്നും, ബഹുമാനം ലഭിക്കണമെങ്കിൽ അത് കൊടുക്കാനും പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഈ രംഗത്തെക്കുറിച്ച് ഒരു യൂട്യൂബർ ഗൗരിയുടെ ശരീരഭാരത്തെക്കുറിച്ച് മുമ്പ് ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് ഒരു അഭിമുഖത്തിൽ ഇത് തന്നെ അസ്വസ്ഥയാക്കിയതായി വെളിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യം മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.

Tags:    

Similar News