ആമിര്‍ ഖാന്റെ താരപദവി തന്നെ ബാധിച്ചില്ല; പ്രണയകാലത്ത് ആകെ ഉണ്ടായിരുന്ന പ്രശ്‌നം അതായിരുന്നു; തുറന്നു പറച്ചിലുമായി കിരണ്‍ റാവു
ആമിര്‍ ഖാന്റെ താരപദവി തന്നെ ബാധിച്ചില്ല
മുബൈ: ആമിര്‍ഖാന്റെ 16 വര്‍ഷത്തെ വിവാഹജീവിതം 2021ലാണ കിരണ്‍ റാവു അവസാവിപ്പിച്ചത്. അതിനുശേഷവും സിനിമകള്‍ക്കായി ഇരുവരും സഹകരിച്ചിരുന്നു. അടുത്തിടെ ആമിറിന്റെ നിര്‍മാണത്തില്‍ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത ലേഡീസ് ഭാഷാവ്യത്യാസില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിരുന്നു. താരങ്ങളുടെത് പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ ആമിറുമായുള്ള പ്രണയകാലത്ത് താന്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയെക്കുറിച്ച് പറയുകയാണ് കിരണ്‍ റാവു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
' 2004 ല്‍ ഞാന്‍ സ്വദേശ് സിനിമയില്‍ ജോലിചെയ്യുമ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത്.അന്ന് ഞങ്ങള്‍ക്ക് ആശയവിനിമയം നടത്താന്‍ പ്രീ- മൊബൈലും ഇന്റര്‍നെറ്റുമൊക്കെയുണ്ടായിരുന്നു. അന്ന് ഇന്റര്‍നെറ്റ് എല്ലായിടത്തും ഇല്ലായിരുന്നു. നെറ്റ്‌വര്‍ക്ക് കിട്ടാനായി ഞങ്ങള്‍ കുന്നിന്‍ മുകളിലൊക്കെ കയറിയുണ്ട്; കിരണ്‍ റാവു തുടര്‍ന്നു.
അന്നൊക്കെ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കുറെ കാര്യങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പൊതുവായ താല്‍പ്പര്യങ്ങളുണ്ടായിരുന്നു. ആമിര്‍ ഒരു താരമാണ്, അദ്ദേഹം ലഗാനില്‍ വര്‍ക്ക് ചെയ്തു, എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടിട്ടുണ്ട്, പക്ഷെ സെറ്റില്‍ അദ്ദേഹം ഒരിക്കലും താരത്തെപോലെയായിരുന്നില്ല. ആവശ്യമെങ്കില്‍ സെറ്റിലെ ഏതു ജോലി ചെയ്യാനും തയാറായിരുന്നു.അതിനാല്‍ തന്നെ പ്രണയകാലത്ത് ആമിറിന്റെ താരപദവി എനിക്ക് ഒരു ബുദ്ധിമുട്ടായിരുന്നില്ല. അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ എന്നെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അതിനാല്‍ ഒരു തരത്തിലുമുള്ള കുഴപ്പങ്ങളും ഉണ്ടായില്ല.
എന്നാല്‍ ആകെ ഉണ്ടായിരുന്ന പ്രശ്‌നം എന്റെ വസ്ത്രങ്ങളുടെ എണ്ണത്തിലായിരുന്നു. കിരണ്‍ റാവു ചിരിച്ചുകൊണ്ട് പറഞ്ഞു.അന്ന് എനിക്ക് വസ്ത്രങ്ങള്‍ കുറവായിരുന്നു. പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്ക് ധരിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. ഫാഷനില്‍ താല്‍പര്യമുണ്ടെങ്കിലും പരീക്ഷിക്കാന്‍ അന്ന് കൈയില്‍ പണമില്ലായിരുന്നു. അന്ന് താങ്ങാനാവുന്ന ബ്രാന്‍ഡുകളില്‍ നിന്നോ സ്ട്രീറ്റ് മാര്‍ക്കറ്റുകളില്‍ നിന്നോയായിരുന്നു ഷോപ്പിങ് നടത്തിയിരുന്നത്. എനിക്ക് പെട്ടെന്ന് ഒരു നല്ല വാര്‍ഡ്രോബ് എടുക്കേണ്ടി വന്നു'- കിരണ്‍ റാവു പറഞ്ഞു.