'ദിലീപ് കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല'; ഇപ്പോഴും വല്ലാത്തൊരു സമാധാനക്കേടിലാണ്; വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ലെന്നും ലാൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ പ്രതികരണവുമായി നടൻ ലാൽ. താൻ ഇപ്പോൾ വല്ലാത്തൊരു സമാധാനക്കേടിലാണെന്നും, അതുകൊണ്ട് വിധി വന്ന ശേഷം അതിജീവിതയായ നടിയെ വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പറഞ്ഞു. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല. വിധി പകർപ്പ് പുറത്തുവന്ന ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ.
ദിലീപിനെ 'കുറ്റക്കാരനല്ല' എന്നാണോ അതോ 'മതിയായ തെളിവില്ല' എന്നാണോ കോടതി പറഞ്ഞതെന്നും അറിയില്ല. കോടതി വിധിക്കെതിരെ മേൽക്കോടതിയിലേക്ക് അപ്പീൽ പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയ്യാറാണെന്ന് ലാൽ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികളായ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ട്. ആക്രമിക്കപ്പെട്ട പെൺകുട്ടി തന്റെ വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും ലാൽ പറഞ്ഞു.
നടി വീട്ടിൽ വന്നപ്പോൾ താനാണ് അന്നത്തെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചത്. പീന്നീടാണ് പി.ടി. തോമസ് എം.എൽ.എ. വരുന്നത്. ഡ്രൈവറായ മാർട്ടിനെ സംശയമുണ്ടെന്ന് ആദ്യമായി പറഞ്ഞതും താനാണെന്നും ലാൽ വെളിപ്പെടുത്തി. ഗൂഢാലോചന സംബന്ധിച്ച് തനിക്ക് പരിമിതമായ അറിവേ ഉള്ളൂ. പൂർണ്ണമായി അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.