'ഒരു രണ്ടുപേര്‍ ലഹരി ഉപയോഗിക്കുന്നു എന്നു കരുതി മുഴുവന്‍ സിനിമാ മേഖലയെ ഒന്നാകെ അപമാനിക്കുന്നത് നീതിയല്ല; ലഹരി ഉപയോഗം തെറ്റാണ്; അത്തരമൊരു പ്രവണത സിനിമയില്‍ ഉണ്ടെങ്കില്‍ കര്‍ശനമായി എതിര്‍ക്കണം': ലിസ്റ്റിന്‍ സ്റ്റീഫന്‍
കൊച്ചി: സിനിമാ മേഖലയിലെ ചില വ്യക്തികളുടെ ലഹരി ഉപയോഗം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, മുഴുവന്‍ വ്യവസായത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. 'ഒരു രണ്ടുപേര്‍ ലഹരി ഉപയോഗിക്കുന്നു എന്നതിനാല്‍ മുഴുവന്‍ സിനിമാ മേഖലയെ ചൂണ്ടിക്കാണിക്കുന്നത് നീതിയല്ല,' എന്നാണ് ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടത്.
ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമങ്ങളിലെ ചോദ്യത്തിന് മറുപടിയിടെയാണ് ലിസ്റ്റിന്‍ പ്രസ്താവന നടത്തിയത്. ലഹരി ഉപയോഗം തെറ്റാണെന്നും, ഇത്തരമൊരു പ്രവണത സിനിമയില്‍ ഉണ്ടെങ്കില്‍ അതിനെ കര്‍ശനമായി എതിര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി തനിക്കീ വിഷയവുമായി നേരിട്ട് അനുഭവം ഉണ്ടായിട്ടില്ലെന്നും, വാര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത് എന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍, 'സൂത്രവാക്യം' സിനിമയുടെ സെറ്റില്‍ നടിയായ വിന്‍സി അലോഷ്യസ് ഉന്നയിച്ച പരാതിയില്‍ ആഭ്യന്തര സമിതി അടുത്ത തിങ്കളാഴ്ച യോഗം ചേരും. ഷൈന്‍ ടോം ചാക്കോയെയും, വിന്‍സിയെയും യോഗത്തില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താരങ്ങളുടെയും സമിതിയുടെയും നിലപാടുകള്‍ കേട്ട ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളൂ. സിനിമാ സെറ്റുകളിലെ പരിശോധനകള്‍ സ്വാഗതാര്‍ഹമാണെന്നും, അതെല്ലാം മികവിനും നിയന്ത്രണത്തിനും സഹായകരമാകുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.