'പലപ്പോഴും അവൾ എന്റെ അനുജത്തി തന്നെയാണോ എന്ന് ചിന്തിക്കാറുണ്ട്'; ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങളെല്ലാം മഞ്ജു ചെയ്തു കഴിഞ്ഞു; മനസ്സ് തുറന്ന് മധു വാര്യർ

Update: 2026-01-16 14:03 GMT

കൊച്ചി: ധനുഷ്‌കോടിയിൽ മഴയത്ത് ബൈക്ക് ഓടിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടൻ മധു വാര്യർ. അടുത്തിടെ 'സർവ്വം മായ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ മധു വാര്യർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

മഞ്ജുവിന്റെ ഡ്രൈവിംഗിനോടുള്ള താല്പര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്."മഞ്ജുവിന്റെ കാര്യത്തിൽ എപ്പോഴും വലിയ അഭിമാനമാണ്. പലപ്പോഴും അവൾ എന്റെ അനുജത്തി തന്നെയാണോ എന്ന് ചിന്തിക്കാറുണ്ട്," മധു വാര്യർ പറഞ്ഞു. "വളരെ പക്വതയോടെയും ബുദ്ധിപരമായുമാണ് മഞ്ജു തീരുമാനങ്ങൾ എടുക്കുന്നത്. ഡ്രൈവിംഗ്, നീന്തൽ, ബൈക്ക് യാത്രകൾ, സാധാരണ യാത്രകൾ എന്നിങ്ങനെ ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങളെല്ലാം അവൾ ഇതിനോടകം ചെയ്‌തു കഴിഞ്ഞു. ഓരോ കാര്യങ്ങളായി അവൾ ചെയ്‌തു കൊണ്ടിരിക്കുകയാണ്."

കൂടാതെ, മഞ്ജു വാര്യർക്ക് നടൻ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയുമടങ്ങുന്ന ഒരു സൗഹൃദക്കൂട്ടായ്മയുണ്ടെന്നും മധു വാര്യർ വെളിപ്പെടുത്തി. തനിക്കും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജുവിന്റെ യാത്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് താനും ഒറ്റയ്‌ക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര നടത്തിയിരുന്നതായും ഇനിയും യാത്രകൾ ചെയ്യണമെന്നുണ്ടെന്നും മധു വാര്യർ പറഞ്ഞു.

ഈയിടെ ധനുഷ്‌കോടിയിൽ മഴയത്ത് ബൈക്ക് ഓടിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. മഞ്ജു വാര്യർ പലരുടെയും ജീവിതത്തിൽ വലിയ പ്രചോദനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബൈക്ക് ഓടിക്കാനുള്ള തന്റെ ആഗ്രഹത്തിന് പിന്നിൽ ചേട്ടനായ മധു വാര്യരുടെ ബുള്ളറ്റിന് വലിയ പങ്കുണ്ടെന്ന് മഞ്ജു വാര്യർ മുൻപും പറഞ്ഞിട്ടുണ്ട്.

Tags:    

Similar News