‘കീർത്തിചക്രയ്ക്ക് 15 കോടി രൂപ ലാഭം, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ ചിത്രങ്ങളും പരാജയമല്ല'; മലയാളത്തിലെ പല നിർമ്മാതാക്കൾക്കും നന്ദിയിലെന്ന് മേജർ രവി
കൊച്ചി: താൻ സംവിധാനം ചെയ്ത സിനിമകളുടെ സാമ്പത്തിക വിജയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി. മോഹൻലാൽ നായകനായെത്തിയ ‘കീർത്തിചക്ര’ 15 കോടി രൂപ ലാഭം നേടിയെന്നും, ‘കുരുക്ഷേത്ര’, ‘പിക്കറ്റ് 43’ എന്നീ ചിത്രങ്ങൾ 4 കോടി വീതം ലാഭം നേടിയതായും അദ്ദേഹം വെളിപ്പെടുത്തി. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിനിമ നിർമ്മാണ വേളയിൽ നിർമ്മാതാക്കളിൽ നിന്നുണ്ടാകുന്ന സമ്മർദ്ദങ്ങളെക്കുറിച്ചും മേജർ രവി സംസാരിച്ചു. ‘കാണ്ഡഹാർ’ എന്ന ചിത്രത്തിൽ ഗണേഷ് വെങ്കട്ട്രാമനെ അഭിനയിപ്പിച്ചത് നിർമ്മാതാക്കളുടെ നിർബന്ധം മൂലമാണെന്നും, ആ കഥാപാത്രം നരേന് നൽകാൻ ശ്രമിച്ചെങ്കിലും നിർമ്മാതാവ് വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ നന്ദിയില്ലാത്ത പല നിർമ്മാതാക്കളുമുണ്ടെന്നും, തന്റെ രണ്ട് സിനിമകൾ പരാജയപ്പെട്ടെങ്കിലും അവയിൽ നിന്ന് 2 കോടി വീതം ലാഭം ലഭിച്ചെന്നും മേജർ രവി കൂട്ടിച്ചേർത്തു.
‘കീർത്തിചക്ര’ 2006-ൽ 15 കോടി രൂപ ലാഭം നേടിയെന്നും, ‘കുരുക്ഷേത്ര’, ‘പിക്കറ്റ് 43’ എന്നീ ചിത്രങ്ങൾ 4 കോടി വീതം ലാഭം നേടി. എന്നാൽ നിർമ്മാതാക്കൾക്ക് പണം മാത്രമാണ് പ്രധാനമെന്നും മേജർ രവി വിമർശിച്ചു. 10 കോടി രൂപ മുടക്കി ചെയ്ത ‘1971 ബിയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാണ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ഒരു ടാങ്ക് ഒരു ദിവസം ഉപയോഗിക്കാൻ 20 ലക്ഷം രൂപ വാടക കൊടുക്കണം.
അതുപോലത്തെ 20 ടാങ്കുകളാണ് ഞാൻ ഫ്രീയായിട്ട് കൊണ്ടുവന്നത്. ഞാൻ നിർബന്ധിച്ച് 36 ദിവസം കൊണ്ട് സിനിമ തീർത്തു. അത് ക്യാമറാമാന് ഇഷ്ടമാകാത്തതിനാൽ പണി തന്നു. ഫസ്റ്റ് കോപ്പി കാണാതെയാണ് ആ സിനിമ റിലീസ് ചെയ്യുന്നത്. പ്രൊഡ്യൂസേഴ്സിന്റെ സമ്മർദമായിരുന്നു കാരണം. പിറ്റേന്ന് തിയറ്ററിൽ പോയി പടം കണ്ടപ്പോൾ ലാസ്റ്റ് ഭാഗം മുഴുവൻ കറുത്തിരിക്കുന്നു. എന്റെ പടം പോയെന്ന് പറഞ്ഞ് കണ്ണും തുടച്ചാണ് ഇറങ്ങി വന്നത്.