'നൃത്തത്തോട് എനിക്ക് വലിയ അഭിനിവേശം; വര്‍ഷങ്ങളായി വിവിധ സ്റ്റെലുകള്‍ ഞാന്‍ പരീക്ഷിച്ചു; ഇനി ഭരതനാട്യം അവതരിപ്പിക്കണം; സിനിമയില്‍ അതുപോലൊരു അവസരം ലഭിച്ചിട്ടില്ല'; മലൈക അറോറ

Update: 2025-04-01 12:00 GMT

ബോളിവുഡില്‍ ഐറ്റം നമ്പറുകളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മലൈക അറോറ. എന്നാല്‍ ഐറ്റം ഡാന്‍സ് അല്ല സിനിമകളില്‍ തനിക്ക് ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാനാണ് ഇനി ആഗ്രഹം എന്ന് പറഞ്ഞിരിക്കുകയാണ് മലൈക. തനിക്ക് ഭരതനാട്യം അവതരിപ്പിക്കണം. സിനിമയില്‍ അതുപോലൊരു അവസരം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് മലൈക പറയുന്നത്.

”നൃത്തത്തോട് എനിക്ക് വലിയ അഭിനിവേശമാണ്. വര്‍ഷങ്ങളായി വിവിധ സ്‌റ്റെലുകള്‍ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. ഹിപ് ഹോപ് ആയാലും ആഫ്രോ ആയാലും എനിക്ക് ഇഷ്ടമാണ്, മിക്കതും പരീക്ഷിച്ച് നോക്കാന്‍ എനിക്ക് താല്‍പര്യമാണ്. എന്നാല്‍ എനിക്ക് ശരിക്കും ഇഷ്ടം ശുദ്ധമായ ഇന്ത്യന്‍ നൃത്തമാണ്. അതാണ് എന്നെ ആകര്‍ഷിക്കുന്നത്. ഒരു ശരിയായ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം.”

”ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തം ഞാന്‍ ഇതുവരെ ഒരു സിനിമയിലും ചെയ്തിട്ടില്ല. അത് പഠിക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്” എന്നാണ് മലൈക ഇന്ത്യാ ടുഡേ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഛയ്യ ഛയ്യ, മുന്നി ബദ്‌നാം ഹുയി, അനാര്‍ക്കലി ഡിസ്‌കോ ചലി തുടങ്ങിയ ചാര്‍ട്ട്ബസ്റ്ററുകളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് മലൈക.

അടുത്തിടെ മലൈകയുടെ പേര് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷം മലൈക വീണ്ടും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയും ഒരുമിച്ച് നടി മത്സരം കാണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Tags:    

Similar News