'ടീസറിലെ ആ രംഗം കറക്ടാണ്, മറ്റ് ഭാഷകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടൻ ഫഹദ് ഫാസിലാണ്'; തുറന്ന് പറഞ്ഞ് മാളവിക മോഹൻ
കൊച്ചി: മലയാള സിനിമയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടൻ ഫഹദ് ഫാസിലാണെന്നും, 'ഹൃദയപൂർവ്വം' എന്ന പുതിയ ചിത്രത്തിലെ ഇത് സംബന്ധിച്ച സംഭാഷണം തികച്ചും ശരിയാണെന്നും നടി മാളവിക മോഹനൻ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിലെ നായികയാണ് മാളവിക. ചിത്രത്തിൻ്റെ ടീസറിൽ മോഹൻലാൽ ഫഹദിനെക്കുറിച്ച് പറയുന്ന രംഗം തനിക്ക് ഏറെ റിലേറ്റ് ചെയ്യാൻ സാധിച്ചുവെന്നും സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഒരുപാട് ചിരിച്ചുവെന്നും താരം വെളിപ്പെടുത്തി.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വ്യക്തമാക്കിയത്. 'മലയാളം ഇൻഡസ്ട്രിക്ക് പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടൻ ഫഹദ് ഫാസിലാണ്. ടീസറിലെ ആ രംഗം കൃത്യമാണ്. എൻ്റെ മുംബൈയിലും മറ്റ് ഇൻഡസ്ട്രികളിലുമുള്ള സുഹൃത്തുക്കൾ സംസാരിക്കുന്നത് ശരിക്കും അതുപോലെ തന്നെയാണ്. ഫഹദിനെയും മലയാള സിനിമയെയും ഇഷ്ടമാണെന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡായി മാറിയിട്ടുണ്ട്,' മാളവിക പറഞ്ഞു.
അഖിൽ സത്യൻ്റെ കഥയ്ക്ക് സോനു ടി.പി. തിരക്കഥയൊരുക്കുന്ന 'ഹൃദയപൂർവ്വം' ഓണം റിലീസായാണ് തിയേറ്ററുകളിൽ എത്തുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ, ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവർ അതിഥി താരങ്ങളായും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചിത്രത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയും ശ്രദ്ധേയമാണ്. ഇരുവരും മുൻപ് തരുൺ മൂർത്തിയുടെ 'തുടരും' എന്ന ചിത്രത്തിൽ ഒന്നിച്ചിരുന്നു. ഫഹദ് ഫാസിൽ നായകനാവുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രവും 'ഹൃദയപൂർവ്വ'ത്തിനൊപ്പം ഓണം റിലീസായി എത്തുന്നുണ്ട്.