'അവൻ എന്റെ കാലിലെങ്കിലും വീണിരുന്നെങ്കിൽ എന്നാണ് ആലോചിക്കുന്നത്'; അപ്പോഴാണ് സെൻസർ ബോർഡിന്റെ കാലിൽ വീണ് കരഞ്ഞുവെന്ന് പറഞ്ഞ് നടക്കുന്നത്; തുറന്നടിച്ച് മല്ലിക സുകുമാരൻ
തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവാദങ്ങളിൽ പ്രതികരണവുമായി അമ്മ മല്ലിക സുകുമാരൻ രംഗത്ത്. സെൻസർ ബോർഡ് അംഗങ്ങളുടെ കാലിൽ പൃഥ്വിരാജ് വീണ് കരഞ്ഞ് സിനിമയുടെ റിലീസിനായി അപേക്ഷിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി.
സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില സാങ്കേതിക കാര്യങ്ങൾ സംസാരിക്കുന്നതിനായി സെൻസർ ബോർഡ് വിളിച്ചതനുസരിച്ച് പൃഥ്വിരാജ് അവിടെ പോവുക മാത്രമാണ് ചെയ്തതെന്ന് മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറഞ്ഞു. പ്രചരിക്കുന്നതുപോലെ നാടകീയമായ സംഭവങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'പൃഥ്വിരാജ്? അവൻ എന്റെ കാലിലെങ്കിലും വീണിരുന്നെങ്കിൽ എന്ന് പറഞ്ഞാണ് നമ്മൾ ജീവിക്കുന്നത്,' എന്നായിരുന്നു ഈ പ്രചാരണങ്ങളോടുള്ള മല്ലികയുടെ പ്രതികരണം.
ഹൈദരാബാദിൽ നിന്ന് കൊച്ചിയിലെത്തി, ഉച്ചകഴിഞ്ഞുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിയപ്പോഴേക്കും സെൻസർ ബോർഡ് കേന്ദ്രത്തിൽ സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു. സിനിമ തീരുന്നതുവരെ പൃഥ്വിരാജ് അവിടെ കാത്തിരുന്നു. പ്രദർശനശേഷം ചില സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ബോർഡ് അംഗങ്ങൾ അദ്ദേഹവുമായി സംസാരിക്കുകയും തുടർന്ന് വൈകുന്നേരം ആറ് മണിയോടെ ഷൂട്ടിങ് സ്ഥലത്തേക്ക് തിരികെ പോവുകയുമായിരുന്നെന്ന് മല്ലിക സുകുമാരൻ വിശദീകരിച്ചു.
പൃഥ്വിരാജ് പോയ ശേഷം സെൻസർ ബോർഡ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകി. തുടർന്ന് നാല് ദിവസത്തേക്ക് ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. ഈ വിവാദ പ്രചാരണങ്ങളുടെ ഉറവിടം അന്വേഷിച്ചപ്പോൾ തിരുവനന്തപുരത്ത് നിന്നാണ് ഇത് വന്നതെന്നും, രാഷ്ട്രീയ നേതൃനിരയിലുള്ള ഒരാൾ തനിക്ക് പേര് സഹിതം വെളിപ്പെടുത്തിയതായും മല്ലിക സുകുമാരൻ പറഞ്ഞു. ഒരു പ്രമുഖ ചാനൽ ആങ്കറാണ് ഈ വ്യാജവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തതെന്നും അവർ ആരോപിച്ചു. "വർഗീയത എല്ലാ പാർട്ടിയിലും ഒരു വിഭാഗത്തിലുണ്ട്" എന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു.