അന്യഭാഷ ബോക്സ് ഓഫീസിലും 'മാർക്കോ' യുടെ തേരോട്ടം; പാൻ ഇന്ത്യൻ വരവറിയിച്ച് ഉണ്ണി മുകുന്ദൻ; കര്‍ണാടകത്തില്‍ ചിത്രം നേടിയതെത്ര ?; കണക്കുകൾ പുറത്ത്

Update: 2024-12-24 13:11 GMT

ബെംഗളൂരു: പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായ ചിത്രമായിരുന്നു ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ആക്ഷൻ ത്രില്ലർ ചിത്രം മാർക്കോ.മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നായിരുന്നു 'മാർക്കോ' യെ പറ്റി പ്രേക്ഷകർ പറഞ്ഞത്. റിലീസ് ആയി രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ'.

മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് 'മാർക്കോ' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഉണ്ണി മുകുന്ദൻ ചിത്രം ആദ്യ തിങ്കളാഴ്ചയും വൻ നേട്ടമുണ്ടാക്കിയിരിന്നു. വാരാന്ത്യം പിന്നിടുമ്പോള്‍ മാര്‍ക്കോ ഒരു കോടിക്ക് മുകളില്‍ കര്‍ണാടകത്ത് നിന്ന് നേടിയിട്ടുണ്ട്. തിങ്കളാഴ്‍ച കേരളത്തില്‍ മാത്രം നാല് കോടി രൂപയിലധികം മാര്‍ക്കോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനകം 31 കോടി നേടിയ ചിത്രം മാര്‍ക്കോ അതിവേഗം മുന്നേറുകയും 50 കോടി എന്ന സുവര്‍ണ സംഖ്യയിലേക്ക് എത്തുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം മോഹൻലാലിന്റെ 'ബാറോസ്' നാളെ തീയേറ്ററുകളിൽ എത്തും. വമ്പൻ ഹൈപ്പോടെയെത്തുന്ന ചിത്രം 'മാർക്കോ' യുമായി കടുത്ത മത്സരത്തിനൊരുങ്ങുകയാണ്. ആരാവും ക്രിസ്മസ് അവധിക്കാലത്തെ ബോക്സ് ഓഫീസ് ഭരിക്കുകയെന്ന് ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്.

കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    

Similar News