ഭർത്താവുണ്ടല്ലോ..നിങ്ങൾക്കും ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് കൂടേ..; അത് കാണാൻ ഇഷ്ടമല്ലേ..; എന്ന് വരെ പലരും ചോദിച്ചിട്ടുണ്ട്; തുറന്നുപറഞ്ഞ് മീര അനിൽ
പ്രമുഖ ടെലിവിഷൻ അവതാരകയും നടിയുമായ മീര അനിൽ, തൻ്റെ സ്വകാര്യതയ്ക്ക് വില കൽപ്പിക്കുന്നുവെന്നും പണത്തിന് വേണ്ടി വ്യക്തി ജീവിതത്തിലെ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ലെന്നും വ്യക്തമാക്കി. തൻ്റെ കരിയറിനെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമുള്ള പുതിയ അഭിമുഖത്തിലാണ് മീര ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്.
വർഷങ്ങളായി ടെലിവിഷൻ രംഗത്ത് സജീവമായ മീര, "സ്ത്രീ" എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും അവർ മലയാളികൾക്ക് സുപരിചിതയായി. ജീവിതത്തിൽ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരാളാണ് താനെന്ന് മീര പറഞ്ഞു.
"സോഷ്യൽ മീഡിയയിൽ സ്വകാര്യ നിമിഷങ്ങൾക്കാണ് ഏറ്റവും കൂടുതൽ പണം ലഭിക്കുക. പലപ്പോഴും എൻ്റെ സ്വകാര്യ വിവരങ്ങളെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ പങ്കുവെക്കുമോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എനിക്ക് ചെറിയൊരു സ്വകാര്യത വേണം. നിശബ്ദമായി എൻ്റെ ജോലി ചെയ്യാനും എൻ്റെ വിജയം എനിക്ക് വേണ്ടി സംസാരിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റൊരാൾ അവരുടെ ജീവിതശൈലി പങ്കുവെക്കുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല," മീര വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
അവതരണം മാത്രമല്ല തൻ്റെ വരുമാന മാർഗ്ഗമെന്നും കഴിഞ്ഞ ഒമ്പത് വർഷമായി ബിൽഡിംഗ് റെൻ്റൽ ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മീര അറിയിച്ചു. ഭർത്താവ് വിഷ്ണുവാണ് ബിസിനസ് പങ്കാളിയെന്നും മറ്റു പങ്കാളികളില്ലെന്നും അവർ വ്യക്തമാക്കി. തൻ്റെ മൂന്നാമത്തെ ബിൽഡിംഗ് ഉദ്ഘാടനം കഴിഞ്ഞ ദിവസം കഴിഞ്ഞെന്നും, തൻ്റേതായ വഴികളിലൂടെ മുന്നോട്ട് പോകുമെന്നും മീര ആത്മവിശ്വാസത്തോടെ പറഞ്ഞു.