'സാർ പണ്ട് ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആളാണ്'; അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ; മീരയുടെ ചോദ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

Update: 2026-02-10 09:22 GMT

തിരുവനന്തപുരം: സിനിമകളിലെ ബലാത്സംഗ രംഗങ്ങളെ 'മനോഹരം' എന്ന് വിശേഷിപ്പിച്ച അവതാരക മീര അനിലിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. നടൻ ടി.ജി. രവിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മീരയുടെ പരാമർശം. ഒരു കുറ്റകൃത്യത്തെ നിസ്സാരവൽക്കരിക്കുന്ന ചോദ്യം അനുചിതമാണെന്നും സാമൂഹിക പ്രതിബദ്ധതയില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകം രംഗത്തെത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭിമുഖത്തിന്റെ ക്ലിപ്പിൽ, "സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റ​ഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?" എന്നാണ് മീര ടി.ജി. രവിയോട് ചോദിക്കുന്നത്. ഇതിന് മറുപടിയായി, തനിക്ക് മമ്മൂട്ടിയേക്കാൾ കൂടുതൽ ആരാധകർ ഉണ്ടാകുമായിരുന്നു എന്നാണ് ടി.ജി. രവി പറയുന്നത്.

ഒരു കുറ്റകൃത്യത്തെ 'മനോഹരം' എന്ന് വിശേഷിപ്പിക്കാൻ ചില്ലറ ധൈര്യമൊന്നും പോരെന്നും ഇത്തരം ചോദ്യങ്ങൾ തികച്ചും അനുചിതമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പൊതുവായ അഭിപ്രായം. അവതാരകയുടെ ചോദ്യരീതി സംവേദനക്ഷമമല്ലാത്തതും നിലവാരമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് മീര അനിലിനെതിരെ വിമർശനങ്ങളുയർത്തുന്നത്. നിലവാരമില്ലാത്ത ചോദ്യങ്ങളുടെ പേരിൽ മീര അനിൽ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല.

മുൻപ് ബ്ലെസ്സി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ആടുജീവിതം' സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ നടൻ മോഹൻലാലിനോട് ചോദിച്ച ചോദ്യവും വലിയ ചർച്ചയായിരുന്നു. ലാലേട്ടനെ എന്തുകൊണ്ടായിരിക്കും നജീബായി ബ്ലെസ്സി പരിഗണിക്കാത്തത് എന്ന മീരയുടെ ചോദ്യത്തിന്, "ആവശ്യമില്ലാത്ത കാര്യമൊന്നും ചോദിക്കേണ്ട" എന്നായിരുന്നു മോഹൻലാൽ മറുപടി നൽകിയത്. ബിഗ് ബോസ് താരം റിയാസ് സലീമിനോട് വേദിയിൽ വെച്ച് 'ആണാണോ പെണ്ണാണോ' എന്ന് ചോദിച്ചതടക്കം, മീരയുടെ പല ചോദ്യങ്ങളും മുൻപും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News