'ലഹരി ഉപയോഗിക്കുന്ന ആളുകളുമായി ഇനി സിനിമ ചെയ്യില്ല; ഈ നിലപാടിന്റെ പേരില്‍ അവസരം നഷ്ടപ്പെട്ടേക്കാം'; ലഹരി വിരുദ്ധ കാമ്പയിനാണ് ലക്ഷ്യമെന്ന് നടി വിന്‍സി അലോഷ്യസ്
'ഇനി അവരുമായി സിനിമ ചെയ്യില്ല': നടി വിന്‍സി അലോഷ്യസ്
എറണാകുളം: ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരില്‍ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരാമെന്നും നടി പറഞ്ഞു. കെ സി വൈ എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67ാം പ്രവര്‍ത്തന വര്‍ഷം, പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.
'കെ സി വൈ എം അങ്കമാലി മേജര്‍ അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാന്‍ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൂടിയാണ് അതിന്റെ മെയിന്‍ ഉദ്ദേശം. ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്. ചിലപ്പോള്‍ ഈയൊരു തീരുമാനമെടുക്കുന്നതിന്റെ പേരില്‍ മുന്നോട്ടുപോകുമ്പോള്‍ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും. എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ല.'- വിന്‍സി പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന അതായത് എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാന്‍ സിനിമ ചെയ്യില്ലെന്നായിരുന്നു നടി ചടങ്ങില്‍ പറഞ്ഞത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി രണ്ട് നടന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സിനിമാ മേഖലയിലെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായി മാറിയത്.