'വിവാഹ മോചനത്തിന് കാരണക്കാരി' എന്ന് മുന്‍ഭാര്യ ആരോപിച്ചയാള്‍; ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം വിവാഹവേദിയിലെത്തി നടന്‍ രവി മോഹന്‍; ഇരുവരും പ്രണയത്തിലാണോയെന്ന് ആരാധകര്‍
ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം വിവാഹവേദിയിലെത്തി നടന്‍ രവി മോഹന്‍
ചെന്നൈ: വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തില്‍ തമിഴ് നടന്‍ രവി മോഹനായിരുന്നു ശ്രദ്ധ കേന്ദ്രം. 'വിവാഹ മോചനത്തിന് കാരണക്കാരി'യെന്ന് മുന്‍ ഭാര്യ ആരോപിച്ച ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പമാണ് രവി മോഹന്‍ വിവാഹവേദിയിലെത്തിയത്. ഇരുവരും ഏകദേശം ഒരേ സ്‌റ്റൈലിലുള്ള വസ്ത്രമണിഞ്ഞാണ് എത്തിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വിവാഹ മോചനത്തിന് ശേഷം നടന്‍ ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം പ്രത്യക്ഷപ്പെട്ടതാണ് വാര്‍ത്തകള്‍ വരാന്‍ കാരണം. രവി മോഹന്‍ തന്റെ മുന്‍ ഭാര്യ ആരതിയില്‍ നിന്ന് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്ന് രവിയും കെനിഷയും പറഞ്ഞിരുന്നെങ്കിലും, ഇപ്പോള്‍ അവരുടെ വരവ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. രവി മോഹന്റെ വിവാഹ മോചനത്തിന് പിന്നാലെ അതിന് കാരണം എന്ന് പറയപ്പെട്ട പേരാണ് കെനിഷ ഫ്രാന്‍സിസിന്റെത്. എന്നാല്‍ അത്തരം വാദങ്ങളെ രവി മോഹന്‍ അടക്കം തള്ളിയിരുന്നു.
എന്നാല്‍ വേല്‍സ് ഫിലിംസ് ഉടമയുടെ മകളുടെ വിവാഹത്തിന് രവിയും കെനിഷയും ആഘോഷ വസ്ത്രങ്ങള്‍ ധരിച്ച് തന്നെയാണ് എത്തിയത്. പരമ്പരാഗത ഷര്‍ട്ടും ധോത്തിയും ധരിച്ചാണ് നടന്‍ എത്തിയതെങ്കിലും, കെനിഷ ബോര്‍ഡറില്‍ എംബ്രോയ്ഡറി ചെയ്ത സ്വര്‍ണ്ണ നിറത്തിലുള്ള സാരിയാണ് തിരഞ്ഞെടുത്തത്. രണ്ടുപേരും ദമ്പതികളെപ്പോലെയുണ്ട് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വരുന്നത്.
2024 സെപ്റ്റംബറില്‍ വേര്‍പിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം, രവി മോഹനും ആരതിയും സോഷ്യല്‍ മീഡിയയില്‍ തമ്മില്‍ പോരടിച്ചിരുന്നു. ഡിടി നെക്സ്റ്റിനു നല്‍കിയ അഭിമുഖത്തില്‍, കെനിഷ, രവിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ആക്കാലത്ത് തള്ളിക്കളഞ്ഞിരുന്നു. ആരതിയും കുടുംബവും രവിയെ അധിക്ഷേപിച്ചുവെന്ന് കെനിഷ പറഞ്ഞിരുന്നു. ഒരു തെറാപ്പിസ്റ്റ് എന്ന നിലയില്‍ പ്രൊഫഷണല്‍ കാരണങ്ങളാല്‍ താന്‍ രവിയെ കണ്ടുമുട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
രവി മോഹന്റെ മുന്‍ഭാര്യ ആരതിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു തെറാപ്പിസ്റ്റ് എന്ന നിലയില്‍, ജയം രവിയുടെ ഭാര്യയും ബന്ധുക്കളും അദ്ദേഹത്തിന് നല്‍കിയ വേദന മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയേക്കാള്‍ വലുതാണെന്ന് കെനിഷ പറഞ്ഞിരുന്നു.
ഒരു തെറാപ്പിസ്റ്റ് എന്ന നിലയില്‍, ആരതിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും അദ്ദേഹം അനുഭവിച്ച പോരാട്ടങ്ങളെക്കുറിച്ച് കേള്‍ക്കുന്നത് എനിക്ക് വളരെ വേദനാജനകമാണെന്നും കെനിഷ പറഞ്ഞിരുന്നു. ലിംഗഭേദമില്ലാതെ ആരും ഇത്രയധികം പീഡനം അര്‍ഹിക്കുന്നില്ലെന്നും, വേണമെങ്കില്‍ ഈ പീഡനത്തിന്റെ തെളിവുകള്‍ കോടതിയിലോ പൊതുമധ്യത്തിലോ വയ്ക്കാന്‍ തയ്യാറാണെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.
രവി മോഹനും ആര്‍തിയും വിവാഹമോചിതരാകാന്‍ കാരണം കെനിഷയാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രവി തന്നെ രംഗത്തെത്തിയിരുന്നു. ആവശ്യമില്ലാതെ കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് രവി മാദ്ധ്യമങ്ങളോട് അന്ന് പറഞ്ഞത്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും കെനിഷയുമായി ചേര്‍ന്ന് ഹിലിംഗ് സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. ഗായിക കൂടിയായ കെനിഷ മികച്ചൊരു നര്‍ത്തകിയും പ്രാക്ടീസ് ലൈസന്‍സുള്ള സൈക്കോളജിസ്റ്റും കൂടിയാണ്.
കഴിഞ്ഞ സെപ്തംബറിലാണ് താനും ഭാര്യ ആര്‍തിയും തമ്മിലുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവി വേര്‍പിരിയല്‍ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് ആര്‍തി രംഗത്ത് എത്തിയിരുന്നു. അടുത്തിടെ ജയംരവി എന്ന പേര് താരം രവി മോഹന്‍ എന്ന് മാറ്റിയതും ഏറെ ചര്‍ച്ചയായിരുന്നു. 2009ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആര്‍തിയും രവിയും വിവാഹിതരാകുന്നത്. ആരവ്, അയാന്‍ എന്നീ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.