പ്രസംഗത്തിനിടെ വെപ്പുമീശ ഇളകിപ്പോയി; വേദിയില്‍വെച്ചുതന്നെ പശ ചോദിച്ച് ബാലയ്യ; പശ കിട്ടിയപ്പോള്‍ തിരിഞ്ഞുനിന്ന് മീശയൊട്ടിച്ചു; ഇതും കുസൃതി ആണോ എന്ന് സോഷ്യല്‍ മീഡിയ
തെലുങ്കില്‍ മാസ് ഹീറോയായും മലയാളത്തില്‍ ട്രോള്‍ മറ്റീരിയലായും പലപ്പോഴും ആഘോഷിക്കപ്പെടുന്ന താരമാണ് ബാലയ്യ എന്ന് വിളിപേരുള്ള നന്ദമൂരി ബാലകൃഷ്ണ. താരത്തിന്റെ അതിമാനുഷികമായ കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും ടോളിവുഡില്‍ ഹിറ്റാണെങ്കിലും മലയാളികള്‍ക്ക് കോമഡിയാണ്.
പൊതുവേദികളില്‍ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ)യുടെ പ്രവൃത്തികളും സംസാരവും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അടുത്തിടെയും അങ്ങനെയൊന്ന് സംഭവിച്ചു. ഒരു പൊതുപരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കേ സൂപ്പര്‍ താരത്തിന്റെ വെപ്പുമീശ ഇളകിപ്പോയതാണ് സംഭവം.
ബാലകൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വേദിക്കുചുറ്റും തിങ്ങിനിറഞ്ഞ ആരാധകരില്‍ ആവേശം നിറയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ. ഇതിനിടെ വെപ്പുമീശ ഒരരികില്‍നിന്ന് ഇളകിപ്പോവാന്‍ തുടങ്ങി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സൂപ്പര്‍താരത്തിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല.
മൈക്ക് കയ്യില്‍വെച്ചുകൊണ്ടുതന്നെ താരം പശ ചോദിച്ചു. ശേഷം പ്രസംഗം തുടര്‍ന്നു. കുറച്ചുസമയത്തിനുശേഷം പശ കിട്ടിയപ്പോള്‍ തിരിഞ്ഞുനിന്ന് മീശയൊട്ടിക്കുകയും യാതൊന്നും സംഭവിക്കാത്തതുപോലെ പ്രസംഗം തുടരുകയും ചെയ്തു.
ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'അഖണ്ഡ 2: താണ്ഡവം' ആണ് ബാലകൃഷ്ണ നായകനായി ഇനി വരാനിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കിയ സൂചന. സെപ്റ്റംബര്‍ 25-ന് ദസറയോടനുബന്ധിച്ച് ചിത്രം ആഗോളറിലീസായെത്തും.